കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാര്യ യശോദ ബെന്നിനെ തിരിച്ചെടുത്ത ശേഷം തലാഖിനെക്കുറിച്ച് സംസാരിക്കട്ടെയെന്ന് ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് ആക്ടിവിസ്റ്റ് ഡോ. ശുങ്കണ്ണ വേല്‍പ്പുല. ചേംബര്‍ ഹാളില്‍ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഫാസിസം, ദേശീയത, തീവ്രവാദം സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലാഖില്‍ നിന്നും മുസ്‌ലിം സ്ത്രീകളെ രക്ഷിക്കുകയാണ് ഏക സിവില്‍ കോഡിന്റെ ലക്ഷ്യമെന്നാണ് മോദി പറയുന്നത്. ഇതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഗുജറാത്തിലെ സംഘ്പരിവാറുകാരില്‍ നിന്നും കശ്മീരിലെ സൈന്യത്തില്‍ നിന്നുമാണ് ആദ്യം മുസ്‌ലിം സ്ത്രീകളെ രക്ഷിക്കേണ്ടത്.
ഗുജറാത്തില്‍ കലാപങ്ങളുടെ മറവില്‍ ഹൈന്ദവ തീവ്രവാദികള്‍ നൂറുകണക്കിന് മുസ്‌ലിം സ്ത്രീകളെയാണ് പൈശാചികമായി ബലാത്സംഗം ചെയ്തത്. കശ്മീരിലെ കുനന്‍ പോഷ്‌പോര ഗ്രാമങ്ങളില്‍ വിവിധ പ്രായത്തിലുള്ള 53 മുസ്‌ലിം സ്ത്രീകള്‍ സൈന്യത്തിന്റെ ബലാത്സംഗത്തിനിരയായി. ഇതെല്ലാം നിര്‍ബാധം തുടരുമ്പോഴാണ് മോദി മുസ്‌ലിം സ്ത്രീകളെ തലാഖില്‍ നിന്നു രക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് ശുങ്കണ്ണ പരിഹസിച്ചു.
രാജ്യത്ത് വര്‍ഗീയ തീവ്രവാദം വളര്‍ത്തുന്ന മോദി ഹിന്ദുത്വ ഭീകരതയുടെ പിതാവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ ജനങ്ങളുടെ ആകെ സംസ്‌കാരമാണ് ദേശീയത. അതിനെ ഹിന്ദുത്വ ദേശീയതയാക്കി പരിവര്‍ത്തിപ്പിക്കുകയാണ് മോദി.
30 വര്‍ഷക്കാലം ദേശീയപതാക ഉയര്‍ത്താത്ത ഹിന്ദു മഹാസഭക്കാര്‍ മോദേിയുടെ കണ്ണില്‍ ദേശസ്‌നേഹികളും മുസ്‌ലിംകളും ദലിതരും ദേശവിരുദ്ധരുമാണ്. പശു ഇറച്ചി ഭക്ഷിക്കുന്നതിന്റെ പേരിലും മോദി മുസ്‌ലിംകളെയും ദലിതരെയും രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. വേദ കാലഘട്ടത്തില്‍ ബ്രാഹ്മണര്‍ പശു ഇറച്ചി ഭക്ഷിച്ചിരുന്നതായ ചരിത്രം ഇവിടെ ബോധപൂര്‍വ്വം തമസ്‌ക്കരിക്കുകയാണ്. ദലിതരോടും മുസ്‌ലിംകളോടുമുള്ള നിലപാടില്‍ സിപിഎമ്മിനും വ്യത്യസ്ഥ നിലപാടില്ലെന്ന് പറഞ്ഞ ശുങ്കണ്ണ കാവിയില്‍ നിന്നും ചുവപ്പില്‍ നിന്നുമുള്ള മോചനമാണ് രാജ്യത്തിന് ആവശ്യമെന്ന് കൂട്ടിച്ചേര്‍ത്തു.
ദേശീയതയെ തെറ്റായി കൈകാര്യം ചെയ്തതാണ് വര്‍ഗീയതയും അതുവഴി ഫാസിസവും സൃഷ്ടിക്കപ്പെട്ടതെന്ന് സെമിനാറില്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഐ തങ്ങള്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങളെ ഫാസിസ്റ്റുകളാക്കി മാറ്റാനാണ് മോദിയുടെ ശ്രമം. ഇതിനെ ജനാധിപത്യം ഉപയോഗിച്ച് പ്രതിരോധിക്കണമെന്നും ഫാസിസം എന്നും ഭയപ്പെടുന്നത് ജനാധിപത്യത്തെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പിഎം സാദിഖലി അധ്യക്ഷത വഹിച്ചു.
സിവിക് ചന്ദ്രന്‍, അഡ്വ.കെഎന്‍എ ഖാദര്‍, സതീശന്‍ പാച്ചേനി, കെഎസ് ഹരിഹരന്‍, വികെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ കരീം ചേലേരി പ്രസംഗിച്ചു. സികെ സുബൈര്‍ സ്വാഗതവും കെപി താഹിര്‍ നന്ദിയും പറഞ്ഞു. വിപി വമ്പന്‍, അഡ്വ.പിവി സൈനുദ്ദീന്‍, അഡ്വ.എസ് മമ്മു, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, റഷീദ് ആലായ, സിഎച്ച് ഇഖ്ബാല്‍, എംഎ സമദ്, പികെ സൂബൈര്‍, വിപി മൂസാന്‍കുട്ടി, നജീബ് കാന്തപുരം, എകെഎം അശ്രഫ്, അശ്രഫ് എടനീര്‍, ടിഡി കബീര്‍ നസീര്‍ പുത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.