മൻമോഹൻ സിങ് സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട പ്രധാനമന്ത്രിയെന്ന് ഡോ.ശശി തരൂർ എം.പി. കേരള ഗാന്ധി സ്മാരക നിധി സംഘടിപ്പിച്ച ‘മൻമോഹൻ സിംഗിന്റെ ഗാന്ധി മനസ്’ എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സമ്പദ്ഘടന മെച്ചപ്പെടുത്താനും രാജ്യത്തെ ജനങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും കുറച്ചു കൊണ്ടുവരാനും അദ്ദേഹത്തിൻറെ ഭരണകാലത്ത് സാധിച്ചു. അദ്ദേഹത്തിൻറെ ഗാന്ധി മനസാണ് പാവപ്പെട്ട ഗ്രാമീണ ജനതയുടെ സാമൂഹ്യ ഉന്നതിക്കുവേണ്ടി നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരളത്തോട് ഏറ്റവും കൂടുതൽ അനുഭാവം പ്രകടിപ്പിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ.മൻമോഹൻ സിങ് എന്ന് എം.എം ഹസൻ അനുസ്മരിച്ചു. ടി.കെ.എ നായർ, കെ.എം. ചന്ദ്രശേഖർ, ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, ടി. ശരത്ചന്ദ്ര പ്രസാദ്, സ്വാമി അശ്വതി തിരുനാൾ, വഞ്ചിയൂർ രാധാകൃഷ്ണൻ, മാധവ ദാസ്, വി.കെ. മോഹൻ, ബി. ജയചന്ദ്രൻ, ടി.ആർ സദാശിവൻ നായർ എന്നിവർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും നടന്നു.