X
    Categories: MoreViews

പെണ്‍ മോഹങ്ങളുടെ വര്‍ണക്കാഴ്ചകളുമായി ഡോ. മുഹ്‌സിനയുടെ ചിത്രപ്രദര്‍ശനം

ഡോ. മുഹ്‌സിന മിന്‍ഹാസ് ചിത്രങ്ങളോടൊപ്പംകോഴിക്കോട് ആര്‍ട് ഗ്യാലറിയില്‍

കോഴിക്കോട്: സ്ത്രീകളുടെ മോഹങ്ങളും വര്‍ണങ്ങളും ചിത്രങ്ങളിലേക്കാവാഹിച്ച ഡോ. മുഹ്‌സിന മിന്‍ഹാസിന്റെ ചിത്രങ്ങള്‍ ശ്രദ്ധേയമാവുന്നു. ചിത്രരചന ഔദ്യോഗികമായി പഠിച്ചിട്ടില്ലെങ്കിലും മികവാര്‍ന്ന വര്‍ണവിന്യാസം കൊണ്ടും ആശയ സാക്ഷാത്കാരങ്ങള്‍ കൊണ്ടും വേറിട്ടുനില്‍ക്കുന്നവയാണ് ഈ പെയിന്റിങ് ചിത്രങ്ങള്‍. ചങ്ങരംകുളം സ്വദേശിയായ മുഹ്‌സിനയുടെ ആദ്യ പ്രദര്‍ശനമാണ് കോഴിക്കോട് ആര്‍ട് ഗ്യാലറിയില്‍ നടക്കുന്നത്.
ഖത്തറില്‍ ദന്തഡോക്ടറായ മുഹ്‌സിന ഭര്‍ത്താവ് ഉമര്‍ശരീഫിന്റെ പിന്തുണയിലാണ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിച്ചത്. 35 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനൊരുക്കിയത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച ഇവ സ്ത്രീകളുടെ നഷ്ടസ്വപ്‌നങ്ങള്‍ക്കാണ് വര്‍ണരൂപമൊരുക്കിയത്. നിലാവും പച്ചപ്പും പൂമ്പാറ്റകളും പശ്ചാത്തലമാവുന്ന ചിത്രങ്ങളില്‍ സ്വപ്‌നങ്ങളും പ്രതീക്ഷകളും കുട്ടിക്കാലവും വായിച്ചെടുക്കാനാവും. അട്ടിയിട്ട പുസ്തകങ്ങള്‍ ഒരുക്കുന്ന വഴിയും കണ്ണിലൊതുക്കിയ ലോകവും വാക്കുകള്‍ പൂക്കുന്ന നാരീമുഖവും നിലാവ് പെയ്യുന്ന പൂക്കളും വേറിട്ട രചനകളാണ്.
ചെറുപ്പത്തില്‍ തന്നെ ചിത്രങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന മുഹ്‌സിന ഹോസ്റ്റല്‍ ജീവിതകാലത്താണ് കൂടുതലായി വരക്കാന്‍ തുടങ്ങിയത്. കൂട്ടുകാരുടെ പ്രചോദനം വരയെ ഗൗരവമായെടുക്കാന്‍ കാരണമായി. വര്‍ണങ്ങളുടെ വിന്യാസമാണ് ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നത്. നിറങ്ങളുടെ മിശ്രണം തരുന്ന അനുഭൂതി പിന്നീടുള്ള ചിത്രങ്ങളില്‍ ചേര്‍ക്കുകയാണ് പതിവെന്ന് മുഹ്‌സിന പറഞ്ഞു. പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും. ചിത്രകാരിയും എഴുത്തികാരിയുമായ മാരിയത്താണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. കൊച്ചിയിലും ഖത്തറിലും പ്രദര്‍ശനങ്ങള്‍ നടത്താന്‍ ഇവര്‍ക്ക് പദ്ധതിയുണ്ട്.

chandrika: