യാതൊരു നീതീകരണവുമില്ലാതെ വിമാന ടിക്കറ്റ് ചാര്‍ജ്ജ് കുത്തനെ ഉയര്‍ത്തുന്ന നടപടി അവസാനിപ്പിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അടിയന്തിരമായി ഇടപടണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി പാര്‍ലിമെന്റിന്റെ സ്ഥിരസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. വ്യാപാരത്തിലെ മര്യാദകള്‍ക്കോ ഉപഭോക്താവിന്റെ അവകാശങ്ങള്‍ക്കോ ഒരു വിലയും കല്‍പ്പിക്കാതെയാണ് വിമാന കമ്പനികള്‍ യാത്രക്കാരെ വിശേഷിച്ചും ഉപജീവനത്തിനുള്ള തൊഴില്‍തേടി ഗള്‍ഫില്‍ പോയ പ്രവാസികളെ വലിയ പ്രയാസത്തില്‍ അകപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ഇതിന് അറുതിവരുത്താന്‍ അധികൃതര്‍ ഇടപെടാത്തതെന്ന് പാര്‍ലിമെന്റിന്റെ ടൂറിസം & ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റിംഗ് കമ്മിറ്റി സിവില്‍ ഏവിയേന്‍ മന്ത്രാലയത്തിന്റെ സെക്രട്ടറിയുമായി നടത്തിയ യോഗത്തില്‍ സമദാനി ചോദിച്ചു.
ആവശ്യം വര്‍ദ്ധിക്കുമ്പോള്‍ നിരക്ക് കുറക്കുക എന്നതാണ് പൊതുവേ ഏത് വ്യാപാരത്തിലും പാലിക്കുന്ന തത്വം. എന്നാല്‍ വന്‍തോതില്‍ യാത്രക്കാര്‍ ടിക്കറ്റെടുക്കുന്ന അവധിക്കാലങ്ങളിലും ആഘോഷവേളകളിലുമാണ് എയര്‍ലൈന്‍ കമ്പനികള്‍ ടിക്കറ്റ് ചാര്‍ജ് ഇരട്ടികളായി വര്‍ദ്ധിപ്പിക്കുന്നത്. യാത്രക്കാര്‍ക്ക് വിശേഷിച്ചും അതിലെ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതല്ല ഈ വര്‍ദ്ധന. ഈ ചൂഷണത്തിന് മുഖ്യമായും വിധേയമാകുന്നത് ഗള്‍ഫില്‍ ജോലി ചെയ്യുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ധാരാളക്കണക്കിന് പ്രവാസികളാണ്. അവരുടെ വിഷമാവസ്ഥ പരിഹരിക്കാന്‍ പലതലങ്ങളിലും പലരും ഈ ആവശ്യം ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടാകുന്നില്ല. ഇക്കാര്യത്തില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നയം വ്യക്തമാക്കണം. ടിക്കറ്റ് വില നിര്‍ണ്ണയിക്കുന്ന പ്രക്രിയ പൂര്‍ണമായും മറ്റുള്ളവരുടെ കാരുണ്യത്തിന് വിട്ടുകൊടുക്കുന്നതിന് പകരം അതിലിടപെട്ട് ഇക്കാര്യത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങളെ സഹായിക്കാന്‍ നടപടി അനിവാര്യമാണെന്ന് സമദാനി പറഞ്ഞു.