താമരശ്ശേരി: സാലറി ചാലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്നും വിസമ്മതമറിയിച്ചവരുടെ പട്ടിക തയ്യാറാക്കിയ നടപടി ജീവനക്കാര്‍ക്കിടയില്‍ രണ്ട് തരം പൗരന്‍മാരെ സൃഷ്ടിക്കുമെന്നുമുള്ള ഹൈക്കോടതി പരാമര്‍ശം സര്‍ക്കാരിന്റെ വികല നയത്തിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ പ്രസ്താവിച്ചു.
കരിഞ്ചോല ഉരുള്‍പൊട്ടല്‍ ബാധിതരോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലാ മുസ്്‌ലിംലീഗ് കമ്മിറ്റി താമരശ്ശേരിയില്‍ നടത്തിയ രാപ്പകല്‍ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാലറി ചാലഞ്ചില്‍ വിസമ്മതമറിയിച്ച ജീവനക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ നടപടിവേണമെന്നും ജീവനക്കാര്‍ക്കിടയിലും ദുരിതബാധിതരുണ്ടെന്നും കോടതി പറഞ്ഞിരിക്കുന്നു. വിസമ്മതമറിയിച്ചവരുടെ ലിസ്റ്റിടുന്നത് ലോക ചരിത്രത്തില്‍ ആദ്യമാണ്. ദുരിതത്തില്‍ പെട്ട ഗവണ്‍മെന്റ് ജീവനക്കാരുടെ ലിസ്റ്റുണ്ടാക്കാത്ത സര്‍ക്കാര്‍ വിസമ്മതമറിയിച്ചവരുടെ ലിസ്റ്റുണ്ടാക്കുന്നത് ഭീഷണിപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.
ചിലയിടങ്ങളില്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ഇരുപത്തി അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കിയപ്പോള്‍ കരിഞ്ചോലയില്‍ നാലുലക്ഷം രൂപ മാത്രം ധനസഹായം നല്‍കിയത്. ഇത് സര്‍ക്കാര്‍ രണ്ടുതരം പൗരന്‍മാരെ സൃഷ്ടിക്കുന്നുവെന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സൃഷ്ടിക്ക് സര്‍ക്കാര്‍ തറക്കല്ലിട്ടത് നാല് ബ്രൂവറികള്‍ക്ക് മുകളിലാണ്. വെള്ളത്തിന്റെ ദുരിതമനുഭവിച്ചവരോട് ഇനി വെള്ളമടിച്ച് നടന്നോളാനാണ് സര്‍ക്കാര്‍ പറയുന്നത്. മുഖ്യമന്ത്രിയെ പോലെ ദുരിതമേഖലയില്‍ പോവാതെ അടച്ചിട്ടറൂമിലിരുന്നല്ല മുസ്്‌ലിംലീഗ് ആവശ്യങ്ങളുന്നയിക്കുന്നത്.
ദുരന്തമുണ്ടായ സമയം മുതല്‍ രക്ഷാപ്രവര്‍ത്തനത്തിനും സഹായങ്ങള്‍ എത്തിക്കുന്നതിലും മുമ്പില്‍ നിന്ന് പ്രവര്‍ത്തിച്ചാണ്. അതുകൊണ്ടാണ് സര്‍ക്കാരിന്റെ പോരായ്മകളെയും നയവൈകല്യങ്ങളെയും എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു.