കോഴിക്കോട്: ജോസ്.കെ മാണിയെക്കൊണ്ട് ലവ് ജിഹാദിനെക്കുറിച്ച് പറയിക്കുന്നത് പിണറായി വിജയനാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ. മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനും അവരുടെ സൗഹൃദം തകർക്കാനുമാണിത്.
ബംഗാളിൽ മാത്രല്ല, കേരളത്തിലും സിപിഎമ്മിന്‍റെ നിറം കാവിയാവുകയാണ്. കേരളത്തെ ഇല്ലാതാക്കാനാണ് സിപിഎമ്മും ആർഎസ്എസും കൈകോർത്ത് പിടിക്കുന്നത്. ആർഎസ്എസ്-സിപിഎം ബന്ധം എത്രയോ കാലമായി ഉള്ളതാണെന്നും മുനീർ ആരോപിച്ചു.
ലവ് ജിഹാദ് സാമൂഹിക പ്രശ്നമാണെന്നും ഇക്കാര്യത്തിൽ ചില കേസുകൾ അഭിസംബോധന ചെയ്യപ്പെടേണ്ടതാണെന്നും ഇടതുമുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് -എമ്മിന്‍റെ നേതാവും പാലായിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ ജോസ് കെ. മാണി ദ പ്രിൻറ് ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ഇതിനെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിരുന്നില്ല. ജോസ് കെ. മാണിയുടെ പ്രസ്താവന ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നായിരുന്നു ഇതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞത്.