ഇഖ്ബാല്‍ കല്ലുങ്ങല്‍
ചരിത്രത്തൊടൊപ്പം സഞ്ചരിച്ച വിജ്ഞാനകോശമായിരുന്നു ഡോ. എം. ഗംഗാധരന്‍. പരപ്പനങ്ങാടിയിലെ കൈലാസം വീട്ടിലിരുന്ന് അദ്ദേഹം എഴുതിയത് ചരിത്രത്തിലേക്ക് വെളിച്ചം പകര്‍ന്ന എണ്ണമറ്റ ഏടുകള്‍. ചരിത്രത്തെ സത്യസന്ധമായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹം കാണിച്ച സൂക്ഷ്മതയും കൃത്യതയും വരും തലമുറക്ക് മാതൃകയാണ്. ചരിത്രത്തെ വക്രീകരിക്കുന്ന വര്‍ത്തമാന കാലത്ത് വെട്ടിത്തുറന്നു പറച്ചിലിന്റെ മനസ്‌കതയില്‍ വേറിട്ടു നിന്നു. 1921-ലെ മലബാര്‍ സ്വാതന്ത്ര്യ സമരം ധീരമായ സ്വാതന്ത്ര്യ പോരാട്ടമായിരുന്നുവെന്ന് അദ്ദേഹം തുറന്നുകാട്ടി. വാര്‍ധക്യസഹജമായ രോഗത്തിലേക്ക് ആഴ്ന്നിറങ്ങിയപ്പോഴും തന്റെ ചരിത്രരചനയെ മാറ്റിനിര്‍ത്താന്‍ മനസ്സ് കൂട്ടാക്കിയില്ല, ശാരീരിക പ്രയാസങ്ങള്‍ക്കിടയിലും എഴുത്തിന്റെ ലോകത്തു മുഴുകിയിരിക്കുകയായിരുന്നു ഈ ചരിത്രപണ്ഡിതന്‍.
പരപ്പനങ്ങാടിയിലെ വിദ്യാലയത്തില്‍ അഞ്ചാം ഫോറത്തില്‍ പഠിക്കുന്ന കാലത്ത് ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂളിലെത്തിയപ്പോള്‍ പുതിയ ഡസ്‌ക്കിനുള്ളില്‍ നിന്നും ആരോ എഴുതി വെച്ച വരികള്‍ അന്വേഷിച്ചപ്പോഴായിരുന്നു അത് കുമാരാനാശാന്റെ നളിനിയെന്ന കാവ്യത്തിലേതെന്ന് മനസ്സിലായത്. തുടര്‍ന്ന് കോഴിക്കോട് മിഠായി തെരുവില്‍ പോയി നളിനി വാങ്ങി പലകുറി വായിച്ചാണ് ആ കാവ്യം ശരിക്കും ഉള്‍ക്കൊണ്ടത്. സാഹിത്യത്തോട് അത് വല്ലാതെ അടുപ്പിച്ചു. കാവ്യം മനഃപാഠമാക്കി. തുടര്‍ന്ന് ലീലയും ചിന്താവിഷ്ടയായ സീതയും വായിച്ചു പഠിച്ചു. ജീവിത പ്രയാസങ്ങളെ നേരിടുന്നതില്‍ നല്ല കാവ്യങ്ങള്‍ പ്രയോജനം ചെയ്യുമെന്ന് അങ്ങിനെ മനസ്സിലാക്കി. മദ്രാസില്‍ പഠിച്ചപ്പോള്‍ എം ഗോവിന്ദനുമായുള്ള സമ്പര്‍ക്കം സാഹിത്യത്തെ കുറിച്ച് ഗംഗാധരനില്‍ അറിവ് വലുതാക്കി. ഇക്കാര്യം പല അഭിമുഖങ്ങളിലും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അക്കാലത്ത് ടോള്‍സ്റ്റോയുടെ വാര്‍ ആന്റ് പീസ്, അന്നക്കരനീന എന്നീ നോവലുകള്‍ ഇംഗ്ലീഷില്‍ വായിച്ചത് അദ്ദേഹത്തിനു വലിയ അനുഭവമായിരുന്നു. കോളജില്‍ ചരിത്രം പഠിക്കുന്നതിന്റെ ഭാഗമായി കിട്ടിയത് ഇംഗ്ലണ്ടിന്റെ ചരിത്രത്തെക്കുറിച്ചും പ്ലാറ്റോ മുതല്‍ തുടങ്ങുന്ന രാഷ്ട്രമീമാംസ ചിന്തകരെക്കുറിച്ചുള്ള അറിവുമായിരുന്നു. അന്നു പരിചയിച്ച ചങ്ങമ്പുഴ, വൈലോപ്പിള്ളി, ഇടശേരി എന്നിവരുടെ കവിതകള്‍ ഏല്ലാറ്റിനും ആവേശം വിതച്ചു. ഗോവിന്ദന്‍ ആരംഭിച്ച സമീക്ഷയില്‍ എഴുതിയ ചരിത്രത്തിന്റെ പാഠങ്ങള്‍ എന്ന ലേഖനമാണ് ആദ്യം പ്രസിദ്ധീകരിച്ചത്. സോവിയറ്റ് യൂണിയനിലെ സ്റ്റാലിനിസ്റ്റ് വ്യവസ്ഥയെ യഥാര്‍ത്ഥ സോഷ്യലിസ്റ്റ് വ്യവസ്ഥയായി കാണാനാകില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അത്.
ഗാന്ധി ഒരു അന്വേഷണം എന്ന പുസ്തകമാണ് ഒടുവില്‍ പ്രസിദ്ധീകരിച്ചത്. ഇതിന്റെ രണ്ടാം ഭാഗം അച്ചടിച്ചിരുന്നു. ഇരുപതോളം പുസ്തകങ്ങള്‍ എഴുതിയ ഡോ. എം. ഗംഗാധരന്‍ 1933-ല്‍ പരപ്പനങ്ങാടിയില്‍ ഡോ. പി.കെ നാരായണന്‍ നായരുടെയും മുറ്റായില്‍ പാറുക്കുട്ടി അമ്മയുടെയും മകനായാണ് ജനിക്കുന്നത്. പരപ്പനങ്ങാടിയിലും കോഴിക്കോട്ടും വിദ്യാഭ്യാസം നേടിയ ഗംഗാധരന്‍ 1954-ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദം നേടി. ചെറുപ്പത്തിലേ സാഹിത്യത്തില്‍ തല്‍പ്പരനായിരുന്നു. ആദ്യകാലത്ത് മദിരാശിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്ര അധ്യാപകനായി. തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (1970-75) കോഴിക്കോട് ഗവ. ആര്‍ട്‌സ് കോളജ് (1975-88) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. മലബാര്‍ കലാപത്തെ കുറിച്ച് തയാറാക്കിയ ഗവേഷണ പ്രബന്ധത്തിനു 1986-ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും പി.എച്ച്.ഡി ലഭിച്ചു. ആറു വര്‍ഷം കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറായിരുന്നു. സമീക്ഷ, കേരള കവിത എന്നീ പ്രസിദ്ധീകരണങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. പൗരാവകാശ പ്രശ്‌നങ്ങളിലും പരിസ്ഥിതി സംരക്ഷണ സംരംഭങ്ങളിലും ഇടപെട്ടു. അന്വേഷണം, ആസ്വാദനം, നിരൂപണം പുതിയ മുഖം, ബോധത്തിലെ പടുകുഴികള്‍, ഭഗവത് ഗീത, സാമൂഹിക ശാസ്ത്രവും തത്വജ്ഞാനവും, ജാതി വ്യവസ്ഥ പഠനങ്ങള്‍, മാനന്‍ലസ്‌കോ, മലബാര്‍ കലാപം 1921, വസന്തത്തിന്റെ മുറിവ്, ദി ലാന്റ് ഓഫ് മലബാര്‍, കടല്‍ കന്യക, മാപ്പിള പഠനങ്ങള്‍, വി.കെ കൃഷ്ണ മേനോന്‍ വ്യക്തിയും വിവാദങ്ങളും എന്നിവയാണ് മറ്റു പുസ്തകങ്ങള്‍, 1999ല്‍ വസന്തത്തിന്റെ മുറിവ് മികച്ച പരിഭാഷക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി.
ചന്ദ്രികയുമായി അദ്ദേഹത്തിനു ആത്മബന്ധമായിരുന്നു. ചന്ദ്രിക ആഴ്ച്ചപ്പതിപ്പിലും പ്രസിദ്ധീകരണങ്ങളിലും ഗംഗാധരന്‍ സ്ഥിരമായി എഴുതിയിരുന്നു. മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ സ്വാധീനം കേരളത്തില്‍ ന്യൂനപക്ഷ പുരോഗതിയുണ്ടാക്കിയതായും അദ്ദേഹം തുറന്നെഴിതിയിരുന്നു. തലമുറകളെ ചേര്‍ത്തുപിടിച്ച് ചരിത്രത്തിലേക്ക് വഴിനടത്തിച്ച ഡോ: ഗംഗാധരന്റെ വിടവ് ചരിത്രപാതയില്‍ നികത്താനാവാത്ത ശൂന്യതയാണ് സൃഷിടിച്ചിരിക്കുന്നത്.