തിരുവനന്തപുരം: ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി കാര്‍ഷിക മേഖലയെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്നു ഡോ. എം.എസ് സ്വാമിനാഥന്‍. കാര്‍ഷിക മേഖലയില്‍ എം.എസ് സ്വാമിനാഥന്‍ നടപ്പിലാക്കിയ പദ്ധതികളാണ് ഭക്ഷോത്പാദന രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് നയിച്ചത്. കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയക്കും വേണ്ടിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
കാര്‍ഷിക മേഖലയിലെ അഭിവൃദ്ധിക്കായി ശാസ്ത്രീയ കണ്ടെത്തലുകളെയും ശാസ്ത്രീയ കൃഷി രീതികളെയും ജനകീയമാക്കിയാണ് എം.എസ് സ്വാമിനാഥന്‍ രാജ്യത്ത് ഹരിത വിപ്ലവം നടപ്പാക്കിയത്. അമേരിക്കന്‍ ശാസ്ത്രജ്ഞനായ നോര്‍മന്‍ ബോര്‍ലോഗിന്റെ ഗവേഷണങ്ങളുടെ തുടര്‍ച്ചയായി ഇന്ത്യന്‍ പരിസ്ഥിതിക്ക് അനുയോജ്യമായ അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ എം.എസ് സ്വാമിനാഥന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുക്കുകയും അവ കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും രാജ്യത്ത് ഹരിത വിപ്ലവം നടപ്പാക്കുകയും ചെയ്തു. 1966 ല്‍ മെക്‌സിക്കന്‍ ഗോതമ്പ് ഇനങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങക്ക് അനുസൃതമാക്കി മാറ്റിയെടുത്ത് പഞ്ചാബിലെ പാടശേഖരങ്ങളില്‍ നിന്നും സ്വാമിനാഥന്റെ നേതൃത്വത്തില്‍ നൂറു മേനി കൊയ്‌തെടുത്തു.
മഹാത്മാ ഗാന്ധിക്കും രവീന്ദ്രനാഥ ടഗോറിനുമൊപ്പം ഇരുപതാം നൂറ്റാണ്ടില്‍ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരില്‍ ഒരാളായും ഡോ. എം.എസ് സ്വാമിനാഥനെ ടൈം മാഗസിന്‍ തെരഞ്ഞെടുത്തിട്ടുണ്ട്.
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍, കാര്‍ഷിക മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറി, നെല്ലുഗവേഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍, ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ ദ് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസ് പ്രസിഡന്റ്, ദേശീയ കര്‍ഷക കമ്മിഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി പദവികളില്‍ അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്.
കുട്ടനാട്ടുകാരനായ എം.എസ് സ്വാമിനാഥന്‍ ലോകം അറിയപ്പെടുന്ന കാര്‍ഷിക ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവായും അറിയപ്പെട്ടത് കേരളത്തിനും അഭിമാനകരമായിരുന്നു. ശാസ്ത്ര മേഖലയിലെ കണ്ടെത്തലുകള്‍ ജനകീയവും ജനോപകാരപ്രദവുമായ രീതിയില്‍ നടപ്പാക്കാനായെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.
ജനകീയ കാര്‍ഷിക ശാസ്ത്രജ്ഞനായ ഡോ. എം.എസ് സ്വാമിനാഥന്റെ നിര്യാണം രാജ്യത്തിന് നികത്താനാകാത്ത നഷ്ടമാണ്.