ലക്നൗ: ബി.ആര്‍.ഡി ആശുപത്രിയില്‍ നിന്നും ഓക്സിജന്‍ സിലിണ്ടര്‍ തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ ഡോക്ടര്‍ കഫീല്‍ ഖാനിന് ജയിലില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ലയെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ രംഗത്ത്. കഫീല്‍ ഖാന്റെ ആരോഗ്യനില വഷളായികൊണ്ടിരിക്കയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ സ്ട്രോക്ക് ഉണ്ടായ അദ്ദേഹത്തിന് മതിയായ ചികിത്സ ജയിലില്‍ നിന്നും ലഭിക്കുന്നില്ല. കൃത്യമായ ചികിത്സകള്‍ ഉറപ്പാക്കാന്‍ അദ്ദേഹത്തെ ലക്നൗവിലേക്ക് മാറ്റണമെന്ന് ജയിലധികൃതര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ അത് പാലിക്കാന്‍ ജയില്‍ ഡിപ്പാര്‍ട്ട്മെന്റ് തയ്യാറായിട്ടില്ല, കഫീല്‍ ഖാന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ബി.ആര്‍.ഡി ഹോസ്പിറ്റലില്‍ മതിയായ ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ സ്വന്തം കൈയില്‍ നിന്നും പണമുടക്കി അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഓക്സിജനെത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് കഫീല്‍ ഖാന്‍. സംഭവത്തില്‍ കഫീല്‍ ഖാന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടികളുടെ മരണസംഖ്യ കുറഞ്ഞത്. അറുപതിലധികം കുട്ടികളാണ് അന്ന് മരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ നടപടിയെ പ്രശംസിക്കുന്നതിനു പകരം നിരവധി വിമര്‍ശനങ്ങളാണ് യോഗിയും കൂട്ടരും അദ്ദേഹത്തിനു നേരെ അഴിച്ചു വിട്ടത്.
സംഭവത്തിന് ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് പുറത്തുനിന്ന് സിലിണ്ടറുകള്‍ കൊണ്ടുവന്ന് കുട്ടികളുടെ ജീവന്‍ രക്ഷിച്ചതിനാല്‍ ഹീറോ ആയെന്ന് കരുതുന്നുണ്ടോ, അത് ഞങ്ങള്‍ നോക്കിക്കോളാം’ എന്നാണ് കഫീല്‍ ഖാനോട് പറഞ്ഞത്. തുടര്‍ന്ന് ദുരന്തത്തെക്കുറിച്ച് അന്വേഷണത്തില്‍ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തകളായിരുന്നു പിന്നീട് പുറത്തുവന്നത്. ബി.ആര്‍.ഡി ആശുപത്രിയില്‍ നിന്നും ഓക്സിജന്‍ സിലിണ്ടര്‍ തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്നാരോപിച്ചായിരുന്നു കഫീല്‍ ഖാനെതിരായ അന്വേഷണ സംഘത്തിന്റെ നടപടി.