X
    Categories: CultureMoreViews

മലക്കം മറിഞ്ഞ് പിണറായി സര്‍ക്കാര്‍; ഡോ. കഫീല്‍ ഖാനോട് കേരളത്തിലേക്ക് വരേണ്ടെന്ന് നിര്‍ദേശം

കോഴിക്കോട്: നിപ വൈറസ് ബാധിതര്‍ക്കുവേണ്ടി സൗജന്യസേവനം നടത്താന്‍ സന്നദ്ധനായ ഉത്തര്‍പ്രദേശിലെ ഡോ. കഫീല്‍ ഖാനോട് കേരളത്തിലേക്ക് വരേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. മുമ്പ് തീരുമാനിച്ചുറപ്പിച്ച പ്രകാരം കേരളത്തിലേക്ക് പുറപ്പെടാനൊരുങ്ങുന്നതിന്റെ തൊട്ടുമുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്ന് വിളിച്ച് വരേണ്ടെന്ന് അറിയിച്ചത്. കേരളത്തില്‍ സേവനം ചെയ്യാന്‍ ഡോ. കഫീല്‍ ഖാന്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് നേരത്തെ മുഖ്യമന്ത്രി അദ്ദേഹത്തെ സ്വാഗതം ചെയ്തിരുന്നു. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവസാന നിമിഷം മലക്കംമറിഞ്ഞത് എന്നാണ് സൂചന. കഫീല്‍ ഖാനെ ഉദ്ധരിച്ച് ‘മാധ്യമം’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തിലെത്തുന്നതിനായി ഇന്നുച്ചക്ക് രണ്ടുമണിക്ക് ലഖ്‌നൗവില്‍ നിന്ന് ബംഗളുരു വഴിയുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഡോ. കഫീല്‍ ഖാനും സഹോദരന്‍ ആദില്‍ ഖാനും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. ഇക്കാര്യത്തില്‍ ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ഫോണില്‍ സംസാരിച്ച് വ്യക്തത വരുത്തുകയും ചെയ്തു. എന്നാല്‍ രാത്രി 9.15 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കഫീല്‍ ഖാനെ വിളിക്കുകയും ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് വിദഗ്ധ സംഘം എത്തിയതിനാല്‍ താങ്കള്‍ വരേണ്ടതില്ലെന്ന് അറിയിക്കുകയുമായിരുന്നു. വിദഗ്ധ ചികിത്സക്കല്ല സൗജന്യസേവനത്തിനാണ് താന്‍ സന്നദ്ധത അറിയിച്ചതെന്ന കാര്യം ഡോ.കഫീല്‍ ഖാന്‍ ഓര്‍മിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമായ മറുപടി നല്‍കാതെ പറഞ്ഞൊഴിയുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഖൊരഗ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനവുമായി മുന്നില്‍നിന്നാണ് കഫീല്‍ ഖാന്‍ രാജ്യത്തിന്റെ ശ്രദ്ധനേടിയത്. യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ അനാസ്ഥയെ തുടര്‍ന്ന് ഓക്‌സിജന്‍ കമ്പനികള്‍ ആസ്പത്രിയിലേക്കുള്ള സപ്ലൈ നിര്‍ത്തുകയായിരുന്നു. അടിയന്തര ഘട്ടത്തില്‍ കഫീല്‍ ഖാന്‍ സ്വന്തം നിലക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാക്കിയത് ദുരന്തം വലിയൊരളവോളം കുറച്ചു. കഫീല്‍ ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞതോടെ അസ്വസ്ഥരായ യോഗി ഭരണകൂടം കള്ളക്കേസില്‍ കുടുക്കി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാസങ്ങള്‍ നീണ്ട ഏകാന്തതടവിനു ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.

ജാമ്യം ലഭിച്ചതിനു ശേഷം കേരളത്തിലെത്തിയ കഫീല്‍ ഖാന്‍ നിറഞ്ഞ സന്തോഷത്തോടെയാണ് സംസ്ഥാനം വിട്ടത്. പിന്നീട് നിപാ വൈറസ് വാര്‍ത്തകള്‍ പരന്നപ്പോള്‍ കേരളത്തിലെത്തി സൗജന്യ സേവനം നടത്താനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി അദ്ദേഹത്തെ സ്വാഗതം ചെയ്ത് ഫേസ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തു. ‘ഡോ. കഫീല്‍ഖാനെപ്പോലുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സന്തോഷമേയുള്ളൂ’ എന്നായിരുന്നു പിണറിയായിയുടെ വാക്കുകള്‍.

യു.പിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശത്രുതയോടെ കാണുന്ന കഫീല്‍ ഖാനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തതിനെതിരെ ബി.ജെ.പി അടക്കമുള്ള വര്‍ഗീയ സംഘടനകള്‍ ശക്തമായി രംഗത്തു വന്നിരുന്നു. ബി.ജെ.പി അനുഭാവിയായ മെഡിക്കല്‍ കോളേജ് വനിതാ ഡോക്ടര്‍ വിഷം വമിക്കുന്ന ഭാഷയില്‍ ഇതിനെതിരെ പോസ്റ്റിട്ടത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിണറായിയുടെ തീരുമാനം സി.പി.എം സൈബര്‍ അണികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വാഴ്ത്തുന്നതിനിടയിലാണ് കഫീല്‍ ഖാനോട് കേരളത്തിലെത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: