ഗൊരഖ്പൂര്‍ ശിശുമരണ സംഭവത്തില്‍ എടുത്ത നിലപാടില്‍ പ്രസിദ്ധിനേടിയ ഉത്തര്‍പ്രദേശിലെ ഡോക്ടര്‍ കഫീല്‍ഖാന്‍ പത്ത് മാസം മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ സംവാദത്തില്‍ പങ്കെടുത്തതിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തിയത് വിവാദത്തില്‍. രാജ്യദ്രോഹ പ്രവര്‍ത്തനം നടന്നുവെന്ന ബിജെപിയുടെ ആവശ്യം പരിഗണിച്ച് ആസ്പത്രി വികസന സമിതിയാണ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. അതേസമയം സംഭവത്തിനെതിരെ കൊളേജ് അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
2018 മെയ് മാസത്തിലാണ് ഡോ കഫീല്‍ ഖാനെ പങ്കെടുപ്പിച്ച് കോളേജ് യൂണിയന്‍ സംവാദം സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍ പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ല. രണ്ട് അധ്യാപകരും മുപ്പതോളം വിദ്യാര്‍ത്ഥികളും സംവാദത്തില്‍ പങ്കെടുത്തു. കോളേജ് യൂണിയന്റെ ഫേസ്ബുക്ക് പേജില്‍ പരിപാടി ലൈവായി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ ബി.ജെ.പിയാണ് രാജ്യദ്രോഹപ്രവര്‍ത്തനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ആവശ്യം ഉന്നയിച്ചത്.ജില്ലാകലക്ടര്‍ ചെയര്‍മാനായ സമിതി പ്രാഥമിക അന്വേഷണം നടത്താന്‍ പ്രിന്‍സിപ്പാള്‍ വി.ആര്‍ രാജേന്ദ്രനെ ചുമതലപ്പെടുത്തി. പ്രിന്‍സിപ്പാളിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. കോളേജ് യൂണിയനും അധ്യാപകരും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
2018 മെയ് മാസം 13 നു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ Dr കഫീല്‍ ഖാനുമായി നടത്തിയ ഇന്ററാക്ടിവ് സെഷന്‍ ആണ് ഇന്ന് ജനം ടീവി രാജ്യദ്രോഹപ്രവര്‍ത്തനം എന്ന തലക്കെട്ടോടി കൂടി വാര്‍ത്ത ചമച്ച് പുറത്തുവിട്ടതാണ് സംഭവത്തിന് പിന്നിലെന്ന് കൊളേജ് യൂണിയന്‍ കുറ്റപ്പെടുത്തി. ലോക്‌സഭാ ഇലെക്ഷന്‍ അടുത്തിരിക്കെ ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നതിനു പിന്നില്‍ സംഘപരിവാറിന്റെ മുതലെടുപ്പാണോ അതോ ഈ സാഹചര്യവും ജനം ടിവി മുമ്പേ സ്വയം തന്നെ തെളിയിച്ചിട്ടുള്ള നട്ടെലില്ലായ്മയും കൂടി മുതലെടുത്തു കൊണ്ട് അതിന്റെ മറവില്‍ മറ്റാരെങ്കിലും ചരട് വലിക്കുന്നുണ്ടോ എന്നും കൊളേജ് യൂണിയന്‍ അവരുടെ ഫെയ്‌സ് ബുക്ക് പേജില്‍ ചോദിക്കുന്നു.
വാര്‍ത്തയുടെ ഭാഗമായി കോളേജിലെ ഒരു അദ്ധ്യാപകനെ വ്യക്തിഹത്യ ചെയ്യാനുള്ള നടപടിയെ നിയമപരമായി തന്നെ നേരിടാനാണ് നീക്കം.
ഓക്സിജന്‍ ലഭിക്കാതെ ഗോരഖ്പൂര്‍ ആസ്പത്രി ഐ.സി.യുവില്‍ കൂട്ട ശിശുമരണം നടന്നപ്പോള്‍, സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍ ഖഫീല്‍ ഖാന്‍ ആദിത്യനാഥ് സര്‍ക്കാറിന്റെ കണ്ണിലെ കരടാക്കി മാറിയത്.
അതേസമയം അനുമതി ഇല്ലാതെ പരിപാടി നടത്തിയതിന് പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടതനുസരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ ക്ഷമാപണം എഴുതി നല്‍കിയിരുന്നു്. എന്നാല്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ആസ്പത്രി വികസന സമിതി യോഗം നടക്കുന്ന സ്ഥലത്തേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി.