തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡി. ബാബുപോള്‍ (77) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. രാവിലെ ഒമ്പത് മണിക്ക് മൃതദേഹം പുന്നന്‍ റോഡിലെ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കും. 12 മണിക്ക് കുറുവന്‍കോണം മമ്മീസ് കോളനിയിലെ വസതിയിലെത്തിക്കും. നാളെ നാലുമണിക്ക് പെരുമ്പാവൂരിനടുത്ത് കുറുപ്പംപടി യാക്കോബായ പള്ളിയിലാണ് സംസ്‌കാരം.
ഭാര്യ: പരേതനായ അന്ന ബാബു പോള്‍ (നിര്‍മല), മക്കള്‍ഛ മറിയം ജോസഫ് (നീബ), ചെറിയാന്‍ സി പോള്‍ (നിബു). മരുക്കള്‍: മുന്‍ ഡി.ജി.പി എം.കെ ജോസഫിന്റെ മകന്‍ സതീഷ് ജോസഫ്, മുന്‍ ഡി.ജി.പി സി.എ ചാലിയുടെ മകള്‍ ദീപ. മുന്‍ വ്യോമയാന സെക്രട്ടറിയും യു.പി.എസ്.സി അംഗവും ആയിരുന്ന കെ. റോയ് പോള്‍ സഹോദരനാണ്.
കേരളത്തിന്റെ വികസന സാംസ്‌കാരിക മേഖലകളില്‍ വലിയ ചലനങ്ങളുണ്ടാക്കിയ നിരവധി പദ്ധതികളുടെയും സംരംഭങ്ങളുടെയും അമരക്കാരനായിരുന്നു. ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ കോര്‍ഡിറ്റേറായിരുന്നു. ഇടുക്കി ജില്ലാ രൂപവത്കരണത്തിന് ഉദ്യോഗതലത്തില്‍ ചുക്കാന്‍ പിടിച്ചു. ജില്ല നിലവില്‍വന്ന 1972 ജനുവരി മുതല്‍ 1975 ആഗസ്റ്റ് വരെ ഇടുക്കി കളക്ടറായിരുന്നു. ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം, ഫിഷറീസ്, ഗതാഗതം റവന്യൂ തുടങ്ങിയ നിരവധി വകുപ്പുകളുടെ സെക്രട്ടറിയായിരുന്നു. കേരള സര്‍വകാലശാല വൈസ് ചെയര്‍മാന്‍, ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ നവകേരള മിഷനുകളുടെ ഉപദേശകനും കിഫ്ബി ഭരണസമിതി അംഗവുമായിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം തദ്ദേശസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സിവില്‍ എഞ്ചിനിയറിങ് ബിരുദം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ച ശേഷം സിവില്‍ സര്‍വീസിലേക്ക് തിരിഞ്ഞ ബാബുപോള്‍ 25 ാം വയസില്‍ കൊല്ലം സബ്കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സിവില്‍ സര്‍വീസില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ബാബുപോള്‍ വിവിധ വിഷയങ്ങളില്‍ മുപ്പത്തിയഞ്ചോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.