X

‘സി.പി.എമ്മിന്റെ സാംസ്‌കാരിക വിഭാഗത്തില്‍ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്’ പുകസയുടെ മുസ്‌ലിം വിരുദ്ധതയെ വിമര്‍ശിച്ച് ഡോ. ആസാദ്

എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പു.ക.സ പുറത്തിറക്കിയ വിഡിയോയെ വിമര്‍ശിച്ച് ഡോ. ആസാദ്. ഈ നവഹിന്ദുത്വ സാഹചര്യത്തില്‍ സി പി എമ്മിന്റെ സാംസ്‌കാരിക വിഭാഗം മറ്റ് എന്തുതരം ആശയം മുന്നോട്ടു വെയ്ക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടതെന്നും പാര്‍ട്ടിയും സര്‍ക്കാറും കൈക്കൊണ്ട നവഹിന്ദുത്വ നിലപാടുകളോട് ഒട്ടും എതിര്‍പ്പു പ്രകടിപ്പിക്കാത്തവര്‍ പു ക സയെ പഴിക്കുന്നതിന്റെ യുക്തിയെന്താണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കലയിലരുത്, ജീവിതത്തിലാവാം എന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല. ജീവിതം പകര്‍ത്തുന്നതാണ് പുരോഗമന സാഹിത്യം എന്നല്ലേ പണ്ടുപണ്ടേയുള്ള ആരോപണവും വിശദീകരണവും.
സംഘപരിവാരയുക്തിയിലേക്കു കേരളീയ പൊതുബോധത്തെ പരിവര്‍ത്തിപ്പിക്കാന്‍ സി പി എമ്മിനെപ്പോലുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളും കൂട്ടു നിന്നപ്പോള്‍ വലിയ വിമര്‍ശനമൊന്നും ഉയര്‍ന്നു കണ്ടില്ല. നവോത്ഥാനം വെറും പഴഞ്ചന്‍ ആശയം മാത്രമാണെന്നും നമ്മുടെ ജീവിതം നമ്മുടെ മാത്രം വിഷയമാണെന്നും കരുതുന്ന ഒരു സമൂഹമായി നാം മാറി. നവോത്ഥാന കേരളം പിറകില്‍ തള്ളിയ എല്ലാ ആചാരങ്ങളും തിരിച്ചു വന്നു. അവ ആഘോഷിക്കുന്നതില്‍ വിപ്ലവസഖാക്കള്‍ മുന്നിലുണ്ട്. അതു തെറ്റായോ കുറ്റമായോ ആര്‍ക്കും തോന്നാതായി. പക്ഷേ, അതെങ്ങാന്‍ കലയില്‍ കണ്ടാല്‍ കലാകാരനെ പഴിക്കുന്നു! മരം മാറുന്നത് മണ്ണു മോശമാകുന്നതുകൊണ്ടാണ് എന്നു കാണാന്‍ മടിക്കുന്നു.

ഒരു നവഹിന്ദുത്വം കേരളത്തില്‍ വളര്‍ത്താന്‍ സി പി എം നേതൃത്വത്തിന്റെ സമീപനമാണ് കാരണമായത്. പുറത്ത് ഭൗതിക വാദവും അകത്ത് ആശയവാദവുമായി ഒരു ഇരട്ടജീവിതം സാധാരണമാക്കി. ഹിന്ദുഭൂരിപക്ഷത്തിന്റെ പിന്തുണ കിട്ടാന്‍ രാമായണ മാസാചരണവും രാമായണ മഹാഭാരത പ്രഭാഷണ പരമ്പരയും സംസ്‌കൃത സംഘ രൂപീകരണവും ശോഭായാത്രയും ക്ഷേത്രക്കമ്മറ്റി പ്രവര്‍ത്തനവും മുന്നോക്ക സംവരണവുമെല്ലാമായി ബഹുദൂരം മുന്നേറിയല്ലോ. ഒപ്പം ന്യൂനപക്ഷ ദളിത് വിഭാഗങ്ങള്‍ മര്‍ദ്ദിത വിഭാഗങ്ങള്‍ എന്ന നിലയില്‍ സാമുദായികമായി സംഘടിതരാവുന്നതില്‍ വലിയ അതൃപ്തിയും അസഹിഷ്ണുതയും പ്രകടിപ്പിക്കുകയും ചെയ്തു. ന്യൂനപക്ഷ സാമുദായിക വിഭാഗങ്ങളെ തമ്മില്‍ അകറ്റാനുള്ള സംഘപരിവാര അജണ്ടയ്ക്കു വളമിടുന്നതും കണ്ടു.
കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലീംലിഗ് നേതാവിനെ സന്ദര്‍ശിക്കുന്നത് തീവ്രവാദ ബന്ധമാണെന്ന് ആരോപിക്കുന്നിടം വരെ വഷളായ സമീപനമാണ് സി പി എമ്മില്‍ കണ്ടത്. ഒരു രാത്രി വെളുത്തപ്പോഴേക്കും ഫാഷിസവും വര്‍ഗീയതയും തമ്മിലുള്ള വേര്‍തിരിവ് അറിയാതെയായി. ഫാഷിസത്തോളം ആപല്‍ക്കരമാണ് ന്യൂനപക്ഷ വര്‍ഗീയതയെന്ന സിദ്ധാന്തം രൂപപ്പെടുത്തി. ഫാഷിസ്റ്റ് വിരുദ്ധ സമരശക്തികളെ ഭിന്നിപ്പിച്ചു. ജാതിഹിന്ദുത്വം ആഗ്രഹിക്കുന്ന തരത്തിലുള്ള നിലപാടുകളിലേക്കാണ് സി പി എം വഴുതിയത്. അതിന് യു എ പി എ പോലുള്ള കൊടുംക്രൂര നിയമങ്ങള്‍ പ്രയോഗിക്കാന്‍പോലും മടിച്ചില്ല.

ഈ നവഹിന്ദുത്വ സാഹചര്യത്തില്‍ സി പി എമ്മിന്റെ സാംസ്‌കാരിക വിഭാഗം മറ്റ് എന്തുതരം ആശയം മുന്നോട്ടു വെയ്ക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത് പാര്‍ട്ടിയും സര്‍ക്കാറും കൈക്കൊണ്ട നവഹിന്ദുത്വ നിലപാടുകളോട് ഒട്ടും എതിര്‍പ്പു പ്രകടിപ്പിക്കാത്തവര്‍ പു ക സയെ പഴിക്കുന്നതിന്റെ യുക്തിയെന്താണ് കല എന്ന നിലയ്ക്കുള്ള പോരായ്മകളല്ലല്ലോ ചൂണ്ടിക്കാണിക്കുന്നത്. മുസ്ലീമായാല്‍ തീവ്രവാദിയാവും എന്ന കാഴ്ച്ചപ്പാടുണ്ട് സി പി എമ്മിന് എന്നതിന് പന്തീരങ്കാവ് യു എ പി എ കേസുകള്‍ തെളിവല്ലേ സമരങ്ങളിലെ ന്യൂനപക്ഷ മത വിഭാഗങ്ങളുടെ സാന്നിദ്ധ്യത്തെ തീവ്രവാദി സാന്നിദ്ധ്യമായി ചിത്രീകരിക്കുന്ന പാര്‍ട്ടി പ്രസ്താവനകള്‍ തെളിവല്ലേ സിദ്ദിഖ് കാപ്പന്‍ വിഷയത്തിലെ മൗനം തെളിവല്ലേ
അഗ്രഹാരത്തിലെ വിശപ്പിന് ഇരുപത്തെട്ടായിരം ദളിത് കോളനികളിലെയും അസംഖ്യം ലായങ്ങളിലെയും വിശപ്പിനെക്കാള്‍ ശ്രദ്ധ നല്‍കണമെന്ന് തോന്നിയ പാര്‍ട്ടിക്ക് ആ ബോധത്തിലുള്ള സാംസ്‌കാരിക സംഘടനയേ ഉണ്ടാവൂ.
പുരോഗമന കല വിപ്ലവപ്പാര്‍ട്ടിയുടെ കണ്ണാടി ദൃശ്യമാണ്. കണ്ണാടി പൊട്ടിച്ച് അരിശം തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്തിന്

Test User: