കോഴിക്കോട്: തോറ്റെന്ന വാര്‍ത്ത കേട്ട് വീട്ടിലേക്ക് തിരിച്ചുപോയ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ടെണ്ണിയപ്പോള്‍ ജയിച്ചു. കോഴിക്കോട് കോര്‍പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. പി.എന്‍ അജിതക്കാണ് വേറിട്ട അനുഭവം. നടക്കാവ് ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയ ഡോ. അജിത ഫോണ്‍ വെക്കാനായി പുറത്തുനിര്‍ത്തിയിട്ട കാറിനടുത്തേക്ക് പോയപ്പോള്‍ കേട്ടത് തോറ്റെന്ന വാര്‍ത്തയാണ്.
യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റെന്ന് മൊബൈലില്‍ കണ്ടപ്പോള്‍ ഡോക്ടര്‍ കാറെടുത്ത് വീട്ടിലേക്ക് മടങ്ങി. പിന്നാലെ പലരുടെയും ആശ്വാസ സന്ദേശങ്ങളും വന്നു. പിന്നീടാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. 11 മണിയായതോടെയാണ് അജിത മത്സരിക്കുന്ന ചേവായൂര്‍ ഡിവിഷനിലെ വോട്ടുകള്‍ എണ്ണിയിട്ടില്ലെന്ന് അറിയുന്നത്.
കുറച്ചുകഴിഞ്ഞ് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 32 വോട്ടുകള്‍ക്ക് മുന്നിലാണെന്ന വാര്‍ത്ത പ്രവര്‍ത്തകര്‍ വിളിച്ചറിയിച്ചതോടെയാണ് ആശ്വാസമായതെന്ന് ഡോ.അജിത പറയുന്നു. തോല്‍ക്കുന്നതില്ല താന്‍ കാരണം കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡ് നഷ്ടമായല്ലോ എന്ന ടെന്‍ഷനായിരുന്നു-ഡോ. അജിത പറഞ്ഞു. പോസ്റ്റല്‍ ബാലറ്റുകള്‍ കൂടി എണ്ണിക്കഴിഞ്ഞപ്പോള്‍ 27 വോട്ടുകള്‍ക്ക് ഡോ. അജിത ജയിച്ചെന്ന വാര്‍ത്തയും വന്നതോടെ ആദ്യത്തെ നിരാശ സന്തോഷത്തിന് വഴിമാറി.