X

ഡോ. മൻമോഹൻ സിംഗിന് അനുശോചനം രേഖപ്പെടുത്തി അബ്ദു സമദ് സമദാനി എം.പി

പണ്ഡിതനും പക്വമതിയുമായ ഭരണാധികാരിയാണ് വിടവാങ്ങിയിരിക്കുന്നത്. ഇന്ത്യയുടെ കഴിഞ്ഞകാല പ്രധാന മന്ത്രിമാരിൽ തന്റെ സ്വഭാവമേന്മ കൊണ്ടും നയചാതുരി കൊണ്ടും സ്വന്തമായ ഇടം തീർത്ത സമുന്നത വ്യക്തിത്വത്തിന്നു ടമായിരുന്നു ഡോ. മൻമോഹൻ സിംഗ്. വിശേഷിച്ചും സാമ്പത്തിക രംഗത്ത് അദ്ദേഹം പുലർത്തിയ കൃത്യവും കർക്കശവുമായ നയസമീപനങ്ങൾ രാജ്യത്തിൻ്റെ സമ്പദ്ഘടനയെ ഉലച്ചിൽ തട്ടാതെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചു. നെഹ്റുവിയൻ ഇന്ത്യയുടെ ആശയങ്ങളാണ് അദ്ദേഹത്തെ സ്വാധീനിച്ചത്.

തന്റെ ഭരണകാലാനന്തരം രാജ്യത്തുണ്ടായ രാഷ്ട്രീയ മാറ്റത്തിലെ അപചയങ്ങളെ സൂക്ഷ്മമായി അദ്ദേഹം ഗ്രഹിച്ചിരുന്നു. ശ്രീ രമേശ് ചെന്നിത്തല ഒരിക്കൽ നയിച്ച രാഷ്ട്രീയ പ്രക്ഷോഭ ജാഥ എറണാകുളത്ത് സമാപിച്ചപ്പോൾ അവിടെ ഉദ്ഘാടന പ്രസംഗം നിർവഹിച്ചുകൊണ്ട് ഡോ. മൻമോഹൻ സിംഗ് പറഞ്ഞു: “നോട്ട് നിരോധനം രാജ്യം അകപ്പെട്ട വലിയൊരു കുടുക്കാണ്. അതിൽ നിന്ന് പുറത്തു കടക്കാനുള്ള ഒരു വഴി എത്ര ആലോചിച്ചിട്ടും എനിക്ക് കാണാൻ കഴിയുന്നില്ല”. അക്ഷരംപ്രതി പുലർന്ന രാഷ്ട്രീയ പ്രസ്താവനയായിത്തീർന്നു മുൻ പ്രധാനമന്ത്രിയുടെ ഈ വിശകലനം.

മിതഭാഷിയും സൗമ്യനുമായിരുന്ന ഈ രാഷ്ട്രീയ നേതാവിൽ നിന്ന് പലതും പഠിക്കാനുണ്ട്. ഉയർന്ന ചിന്തയും ലളിത ജീവിതവും കൈമുതലാക്കിയ അദ്ദേഹത്തിൻ്റെ ജീവിതം തന്നെ ഒരു പാഠപുസ്തകമാണ്. സ്വാർത്ഥതയോ അഴിമതിയോ അദ്ദേഹത്തെ ബാധിച്ചില്ല. ഉന്നതമായ സംസ്കാരം ജീവിതത്തിലുടനീളം അദ്ദേഹം കാത്തുസൂക്ഷിച്ചു.

ആപാദചൂടം ഒരു ജെൻ്റ്ൽമാൻ ആയിരുന്നു ഡോ. മൻമോഹൻ സിംഗ്. വിവിധ വിഷയങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്യാനും അദ്ദേഹത്തിൻ്റെ ഗഹനമായ പ്രഭാഷണങ്ങൾ പരിഭാഷപ്പെടുത്താനും ലഭിച്ച അവിസ്മരണീയമായ സന്ദർഭങ്ങളിലെല്ലാം അനുഭവപ്പെട്ടത് അഗാധമായ അറിവും സംശുദ്ധമായ സ്വഭാവമഹിമയുമായിരുന്നു.

webdesk13: