X

കെറെയില്‍ പദ്ധതിയുടെ ഡിപിആര്‍ പുറത്ത് വിട്ടു; പ്രകൃതി ദുരന്തങ്ങള്‍ക്ക് പദ്ധതി വഴിയൊരുക്കും

കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിട്ട് സര്‍ക്കാര്‍. പദ്ധതിയെ തുടര്‍ന്ന് പൊളികേണ്ട കെട്ടിടങ്ങളുടെ എണ്ണവും പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് തുടങ്ങിയ കാര്യങ്ങള്‍ 6 വാല്യങ്ങളിലായി 3776 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പരിസ്ഥിതി ആഘാത പഠനം നടത്തിയത് തിരുവനന്തപുരം സിഇഡിയാണ്. വെള്ളപ്പൊക്കം, നീരൊഴുക്ക് തടസപ്പെടുത്തല്‍, ഉരുള്‍പ്പൊട്ടല്‍ എന്നി പ്രകൃതി ദുരന്തങ്ങളിലേക്ക് കെറെയില്‍ പദ്ധതി നയിക്കുമെന്ന് പാരിസ്ഥിതിക ആഘാത പഠനത്തില്‍ പറയുന്നുണ്ട്‌. പദ്ധതിക്കായി 6100 കോടി രൂപയുടെ സ്വകാര്യഭൂമിയാണ് ഏറ്റെടുക്കുകയെന്നും നഷ്ടപരിഹാരത്തിന് വേണ്ടി മാത്രമായി 4460 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവഴിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിക്ക് ആവശ്യമായ ചിലവിന് 57 ശതമാനവും വായ്പ എടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ഓരോ മേഖലയായി തരം തിരിച്ചാണ് ഡിപിആര്‍ ഉണ്ടാക്കിയത്. അന്താരാഷ്ട്ര മാനദണ്ഡം കണക്കിലെടുത്താണ് പദ്ധതി സ്റ്റാന്റേര്‍ഡ് ഗേജായി തീരുമാനിച്ചത്. ദിവസവും 54,000 യാത്രക്കാരുണ്ടാകുമെന്നും പദ്ധതി 2025ല്‍ പൂര്‍ത്തിയാക്കുമെന്നും ട്രാഫിക്ക് പ്രൊജക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ടൂറിസ്റ്റുകള്‍ക്ക് പൊതു- സ്വകാര്യ പങ്കാളിത്തതോടെ പ്രത്യേക ട്രെയിന്‍ നിര്‍മിക്കും. ആദ്യഘട്ടത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളവുമായി റെയില്‍പ്പാത ബന്ധിപ്പിക്കുമെന്നും ട്രാക്കുകള്‍ കൊണ്ടുപോകാന്‍ കൊങ്കണ്‍ മാതൃകയില്‍ റോ-റോ സര്‍വീസ് തുടങ്ങുമെന്നും ഡിപിആറില്‍ പറയുന്നു.

കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഡിപിആര്‍ പുറത്ത് വിട്ടത്. പദ്ധതിയുടെ വിശദമായ വിവരങ്ങള്‍ പുറത്ത് വിടണമെന്നായിരുന്നു പ്രതിപക്ഷതിന്റെ ആവശ്യം.

 

Test User: