ബി.ജെ.പി സ്ഥാപകന്റെ ജന്മദിനം ആഘോഷിക്കാന്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് സര്‍ക്കുലര്‍; പിണറായി സര്‍ക്കാറിനെതിരെ സോഷ്യല്‍മീഡിയ

ബി.ജെ.പി സ്ഥാപകന്റെ ജന്മദിനം ആഘോഷിക്കാന്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. ബി.ജെ.പിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കാനാണ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്.

അതേസമയം വിഷയത്തില്‍ പിണറായി സര്‍ക്കാറിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

“മിസ്റ്റർ പിണറായി, എന്ന് മുതലാണ് ഇയാൾ നിങ്ങൾക്ക് ഇത്രമാത്രം പ്രിയങ്കരനായ ഒരു നേതാവായത്?. എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ രൂക്ഷപ്രതികരണവുമായി ബഷീര്‍ വള്ളിക്കുന്ന്….

ബഷീര്‍ വള്ളിക്കുന്നിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ദീന്‍ദയാല്‍ ഉപാധ്യായുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ കേരള വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലർ കണ്ടു.

മിസ്റ്റർ പിണറായി, എന്ന് മുതലാണ് ഇയാൾ നിങ്ങൾക്ക് ഇത്രമാത്രം പ്രിയങ്കരനായ ഒരു നേതാവായത്?.
ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ എന്നതിൽ കവിഞ്ഞ എന്ത് സാമൂഹ്യ രാഷ്ട്രീയ പ്രാധാന്യമാണ് ഉപാധ്യായക്കുള്ളത്. കേരളീയരുടെ കുട്ടികളൊക്കെ അയാളുടെ ജന്മദിനം ആഘോഷിക്കാൻ മാത്രം ഈ രാജ്യത്തിന് അദ്ദേഹം എന്താണ് ചെയ്തത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഒരു മുദ്രാവാക്യം വിളിച്ചെങ്കിലും കൂടെ കൂടിയിട്ടുണ്ടോ ഇയാൾ?.
ഇല്ലല്ലോ..
മറിച്ച് ജനാധിപത്യത്തേയും സോഷ്യലിസത്തേയും ആശയപരമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. അതാണോ അയാളിൽ നിങ്ങൾ കാണുന്ന മഹത്വം? പറയണം മിസ്റ്റർ..
രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്ത ശേഷം രാംനാഥ് കോവിന്ദ് നടത്തിയ പ്രസംഗത്തില്‍ മഹാത്മാ ഗാന്ധിയോടൊപ്പം ഇയാളുടെ പേര് പരാമർശിച്ചിരുന്നു. സ്വാതന്ത്ര ഇന്ത്യയുടെ ശില്പിയും പ്രഥമ പ്രധാനമന്ത്രിയുമായ നെഹ്രുവിന്റെ പേര് ഒഴിവാക്കിക്കൊണ്ടാണ് രാഷ്ട്രപതി ദീന്‍ദയാല്‍ ഉപാധ്യയുടെ കീർത്തനം ചൊല്ലിയത്. അതവരുടെ രാഷ്ട്രീയമാണെന്ന് മനസ്സിലാക്കാം. പക്ഷേ, താങ്കളുടെ രാഷ്ട്രീയമെന്താണ്?. താങ്കളുടെ വിദ്യാഭ്യാസ മന്ത്രിയുടെ രാഷ്ട്രീയമെന്താണ്?.
ഗോഡ്സേയുടെ ജന്മദിനം ആഘോഷിക്കണമെന്ന് കേന്ദ്രത്തിൽ നിന്ന് ഒരു ഇണ്ടാസ് വന്നാൽ താങ്കളും താങ്കളുടെ വിദ്യാഭ്യാസ മന്ത്രിയും അതിനടിയിലും ഒപ്പിട്ട് സ്‌കൂളുകളിലേക്ക് അയക്കുമോ?. അറിയാൻ താത്പര്യമുണ്ട്..

chandrika:
whatsapp
line