കാബൂള്‍: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളില്‍ ഇന്നലെയുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 52 പേര്‍ക്ക് പരിക്കേറ്റു. കാബൂള്‍ സര്‍വകലാശാലക്കും അലി അബാദ് ആസ്പത്രിക്കും സമീപം സാഖി തീര്‍ത്ഥാടനകേന്ദ്രത്തിന് അടുത്താണ് ചാവേറാക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തു.
സംഘം ചേര്‍ന്ന് പോകുന്ന ആളുകള്‍ക്കിടയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. നൗറൂസ് പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ചായിരുന്നു ആക്രമണം. നൗറൂസിനോട് അനുബന്ധിച്ച് രാജ്യത്ത് വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. ദേശീയ അവധി ദിനത്തില്‍ ആളുകള്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഒത്തുകൂടാറുണ്ട്. അത്തരമൊരു സംഗമത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് മാധ്യമങ്ങള്‍ പറയുന്നു.
ന്യൂനപക്ഷമായ ഷിയാ വിഭാഗക്കരാണ് ആള്‍ക്കൂട്ടത്തില്‍ ഏറെയും ഉണ്ടായിരുന്നത്. തീര്‍ത്ഥാടന കേന്ദ്രത്തിന് അടുത്തേക്ക് കാല്‍നടയായെത്തിയ ചാവേര്‍ ആള്‍ക്കൂട്ടത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. നൗറൂസ് ആഘോഷത്തിന്റെ ഭാഗമായി പാട്ടുപാടിയും നൃത്തം വെച്ചും ആഘോഷത്തില്‍ മുഴുകിയവരാണ് ആക്രമണത്തിനിരയായത്. സാഖി തീര്‍ത്ഥാടന കേന്ദ്രത്തിനുനേരെ മുമ്പും ആക്രമണമുണ്ടായിട്ടുണ്ട്. 2016 ഒക്ടോബറിലുണ്ടായ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.