പുനലൂര്‍: അഞ്ചല്‍ ഉത്രവധക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത സ്ത്രീധന പീഡനക്കേസിന്റെ സാക്ഷിവിസ്താരം പുനലൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യില്‍ ആരംഭിച്ചു. ഒന്നാംസാക്ഷിയും ഉത്രയുടെ സഹോദരനുമായ വിഷ്ണുവിനെ ബുധനാഴ്ച വിസ്തരിച്ചു. ബുധനാഴ്ച 12.30-ഓടെ ആരംഭിച്ച ഒന്നാംസാക്ഷിയുടെ വിസ്താരം വൈകീട്ട് അഞ്ചേകാലോടെയാണ് പൂര്‍ത്തിയായത്. രണ്ടാംസാക്ഷി, ഉത്രയുടെ അച്ഛന്‍ വിജയസേനനെ അടുത്തമാസം 11-ന് വിസ്തരിക്കും. 2020 അഞ്ചല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. ഉത്രയെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു, വിശ്വാസവഞ്ചന നടത്തി, തെളിവു നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിരുന്നത്.
ഉത്രയുടെ ഭര്‍ത്താവും ഒന്നാംപ്രതിയുമായ സൂരജ് എസ്.കുമാര്‍, രണ്ടാംപ്രതി അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍, മൂന്നാംപ്രതി അമ്മ രേണുക, നാലാംപ്രതി സഹോദരി സൂര്യ എന്നിവര്‍ ഹാജരായിരുന്നു. ഉത്രയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നെന്ന കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന സൂരജിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജെയിലില്‍നിന്നാണ് കോടതിയില്‍ ഹാജരാക്കിയത്.