കൊല്‍ക്കത്ത: ചോദിച്ച സ്ത്രീധനം മുഴുവന്‍ നല്‍കാത്തതിന് ഭാര്യയെ തെറ്റിദ്ധരിപ്പിച്ച് കിഡ്‌നി വിറ്റതായി പരാതി. പശ്ചിമ ബംഗാളിലെ ബെര്‍ഹാംപൂര്‍ സ്വദേശിനിയായ 28 കാരി റിത സര്‍ക്കാറാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കിഡ്‌നി മോഷ്ടിച്ചെന്ന പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് ബിശ്വജിത്ത് ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. വാഗ്ദാനം ചെയ്ത സ്ത്രീധന ബാക്കി രണ്ട് ലക്ഷം രൂപ നല്‍കിയില്ലെന്ന കുറ്റത്തിനാണ് യുവതിയെ തെറ്റിദ്ധരിപ്പിച്ച് ഓപറേഷന് വിധേയമാക്കിയത്. രണ്ട് വര്‍ഷം മുമ്പ് കനത്ത വയറുവേദന അനുഭവപ്പെട്ട യുവതിയെ ഭര്‍ത്താവ് കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ നഴ്‌സിങ്‌ഹോമില്‍ പ്രവേശിക്കുകയായിരുന്നു. അവിടെ വെച്ച് ഡോക്ടറും ഭര്‍ത്താവും അപന്‍ഡിക്‌സ് ശസ്ത്രക്രിയയിലൂടെ നീക്കണമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ഓപറേഷന്‍ കഴിഞ്ഞ ശേഷം വയറില്‍ വേദന വര്‍ധിക്കുകയായിരുന്നു.
ഭര്‍ത്താവിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ കൊല്‍ക്കത്തയില്‍ വെച്ച് നടത്തിയ ഓപറേഷനെ കുറിച്ച് ആരോടും പറയരുതെന്ന് താക്കീത് നല്‍കുകയായിരുന്നു. ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല. മൂന്നു മാസത്തിന് ശേഷം സ്വന്തം വീട്ടിലെത്തിയ റിത വീട്ടുകാരോടൊപ്പം നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജില്‍ പരിശോധനക്ക് എത്തിയപ്പോഴാണ് ചതി അറിയുന്നത്. ഒരു കിഡ്‌നി നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍ പരിശോധനക്ക് ശേഷം യുവതിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ വിശ്വാസം വരാതിരുന്നതിനെ തുടര്‍ന്ന് മാള്‍ഡയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ കൂടി പരിശോധനക്കു വിധേയമായി. തുടര്‍ന്ന് യുവതിയും ബന്ധുക്കളും ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിനേയും ഭര്‍തൃസഹോദരനേയും പൊലീസ് അറസ്റ്റു തെയ്തു. ഭര്‍തൃ മാതാവ് ഒളിവിലാണ്. ഛത്തീസ്ഗഡ് സ്വദേശിയായ ഒരു വ്യവസായിക്കാണ് ഭാര്യയുടെ കിഡ്‌നി വിറ്റതെന്ന് ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് വെളിപ്പെടുത്തിയിട്ടുണ്ട്.