X

വിലയിടിഞ്ഞ് വിപണി

 

ന്യൂയോര്‍ക്ക്/മുംബൈ: ആഗോള ഓഹരി വിപണികളില്‍ വന്‍ ഇടിവ്. യു.എസ് ഓഹരി സൂചികയായ ഡൗജോണ്‍സ് 1200 പോയിന്റ് വരെ നഷ്ടം നേരിട്ടപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണികളിലും ഇതിന്റെ അലയൊലി പ്രകടമായി. ഒരു ഘട്ടത്തില്‍ 1100 പോയിന്റ് വരെ ഇടിഞ്ഞ മുംബൈ ഓഹരി സൂചിക പിന്നീട് തിരിച്ചു കയറിയെങ്കിലും 561.22 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയില്‍ 162 പോയിന്റിന്റെ നഷ്ടം രേഖപ്പെടുത്തി.
തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ത്യന്‍ ഓഹരി വിപണി നഷ്ടം നേരിടുന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍, ഓഹരി നിക്ഷേപത്തിലെ ദീര്‍ഘകാല വരുമാനത്തിന് നികുതി ചുമത്തുമെന്ന നിര്‍ദേശം അടങ്ങിയതോടെയാണ് ഇന്ത്യന്‍ വിപണിയില്‍ നഷ്ടക്കച്ചവടം തുടങ്ങിയത്. ആഗോള ഓഹരി വിപണകളിലെ വില്‍പ്പന സമ്മര്‍ദ്ദം കൂടിയായതോടെ ഇത് പൂര്‍ണമാകുകയായിരുന്നു.
ആയിരം പോയിന്റിന്റെ നഷ്ടവുമായാണ് ഇന്നലെ മുംബൈ ഓഹരി സൂചിക വ്യാപാരം തുടങ്ങിയതു തന്നെ. തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 34,757.16 പോയിന്റിലായിരുന്ന ബി.എസ്.ഇ ഒരു ഘട്ടത്തില്‍ 1274 പോയിന്റ് വരെ ഇടിഞ്ഞ് 33,482.81 പോയിന്റിലേക്ക് കൂപ്പു കുത്തി. എന്നാല്‍ ഉച്ചക്കു ശേഷം വിപണി ചെറിയ തോതില്‍ തിരിച്ചുകയറുകയായിരുന്നു.
എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, എച്ച്.യു.എല്‍, കോള്‍ ഇന്ത്യ, ഹീറോ മോട്ടോ കോര്‍പ്പ്, ടാറ്റാ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം മൂന്നു ശതമാനം വീതം നഷ്ടം നേരിട്ടു. ലിസ്റ്റു ചെയ്യപ്പെട്ട 2279 കമ്പനികള്‍ നഷ്ടം നേരിട്ടപ്പോള്‍ 173 എണ്ണം മാത്രമാണ് പിടിച്ചുനിന്നത്. ആഗോള സാമ്പത്തിക സമ്മര്‍ദ്ദമാണ് യു.എസ് ഓഹരി വിപണിയേയും പിടിച്ചുലച്ചത്. ഒറ്റ ദിവസം കൊണ്ട് 4.6 ശതമാനം (1175 പോയിന്റ്) നഷ്ടം നേരിട്ട ഡൗജോണ്‍സ് 24,345.75 പോയിന്റിലേക്ക് കൂപ്പുകുത്തി. നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടെന്നും ദീര്‍ഘകാല സാമ്പത്തിക ഘടകങ്ങള്‍ സുശക്തമായതിനാല്‍ വിപണിയിലെ നഷ്ടം താല്‍ക്കാലികമാണെന്നും വൈറ്റ്ഹൗസ് പ്രതികരിച്ചു.

chandrika: