കോട്ടയം തിരുവാതുക്കലില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത് മുന്‍ ജീവനക്കാരനെന്ന് സൂചന. കൊല്ലപ്പെട്ട വ്യവസായിയായ വിജയകുമാറിന്റെ കമ്പനിയിലെ ജീവനക്കാരന്‍ അസം സ്വദേശി അമിത് ആണ് സംശയനിഴലിലുള്ളത്. ഇയാള്‍ മുമ്പ് ഓണ്‍ലൈന്‍ വഴി ഒരു കോടി രൂപ തട്ടിയ കേസില്‍ വിജയകുമാറിന്റെ പരാതിയില്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന്, ജാമ്യത്തിലിറങ്ങിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നുമാണ് പൊലീസ് പറയുന്നത്.
തട്ടിപ്പുകേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണെന്ന് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. ഇയാള്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് വീട്ടില്‍ എത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. അമിതിന്റെ ഫോണ്‍ ലൊക്കേഷനടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. വീട്ടില്‍ ഡോഗ് സ്‌ക്വാഡ്, ഫൊറന്‍സിക്, വിരലടയാള വിദഗ്ധരുടെയും ഇതര പൊലീസ് വിഭാഗങ്ങളുടേയും പരിശോധന പുരോഗമിക്കുകയാണ്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
വീടിന്റെ വാതിലിനു സമീപത്തുനിന്നും കണ്ടെത്തിയ അമ്മിക്കല്ലുപയോഗിച്ച് വാതില്‍ തകര്‍ത്ത് അകത്തുകടന്നാണ് ഇരട്ടക്കൊല നടത്തിയതെന്നാണ് നിഗമനം. കൊലയ്ക്ക് ഉപയോഗിച്ച കോടാലിയും പൊലീസ് കണ്ടെത്തി. കോടാലി ഉപയോഗിച്ച് വെട്ടിയാണ് ദമ്പതികളെ കൊലപ്പെടുത്തിയത്. വിജയകുമാറിന്റെ മൃതദേഹം സ്വീകരണമുറിയിലും ഭാര്യ മീരയുടേത് അടുക്കള ഭാഗത്തുമാണ് കണ്ടെത്തിയത്.
രാവിലെ വീട്ടുജോലിക്കാരിയാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനെയും വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥ ഗ്രൂപ്പിലെ ജീവനക്കാരെയും വിവരമറിയിച്ചു. ശ്രീവത്സം എന്ന വലിയ വീട്ടിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. കോട്ടയത്തെ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഇവരുടേതാണ്.
അഞ്ച് വര്‍ഷം മുമ്പ് ഇവരുടെ മകനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതിനു ശേഷം സമൂഹവുമായി അകന്ന് ഉള്‍വലിഞ്ഞ് ജീവിക്കുകയായിരുന്നു ദമ്പതികള്‍. അയല്‍വാസികളുമായി വലിയ ബന്ധങ്ങളൊന്നും മരിച്ച വിജയകുമാറിനും മീരയ്ക്കുമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വേറെ ശത്രുക്കളുള്ളതായി അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനിടയിലാണ് കൊലപാതകം. മകള്‍ അമേരിക്കയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടുത്തെ വളര്‍ത്തുനായ ചത്തുപോയിരുന്നു.