അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ മൂന്നാം അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.എച്ച്.രജിത നാളെ വിധി പറയും. കുറുവങ്ങാടന്‍ മുക്താര്‍, കോഴിശ്ശേരികുന്നത്ത് റാഷിദ്, സുഡാനി റഷീദ് തുടങ്ങി 22 പ്രതികള്‍ക്കെതിരെയാണ് കേസ്.
കുനിയില്‍ കൊളക്കാടന്‍ അബ്ദുല്‍ കലാം (37), സഹോദരന്‍ അബൂബക്കര്‍ (48) എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം കുനിയില്‍ അങ്ങാടിയില്‍ വച്ചു വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ജൂണ്‍ 10ന് ആണ് സംഭവം. കേസിലെ 16ാം പ്രതിയുടെ സഹോദരന്‍ കുനിയില്‍ നടുപ്പാട്ടില്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമെന്നോണം ഇവരെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. നൂറോളം തൊണ്ടിമുതലുകളും മൂവായിരത്തോളം രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.
275 സാക്ഷികളെ വിസ്തരിച്ചു. വിദേശത്തേക്കു കടന്ന 2 പ്രതികളെ ഇന്റര്‍പോള്‍ സഹായത്തോടെയാണ് നാട്ടിലെത്തിച്ചത്. വിസ്താരം നടത്തിയ ജഡ്ജി കേസില്‍ വിധി പറയണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ഭാര്യമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.