X

ഇരട്ടക്കൊലയും സിപിഎമ്മിന്റെ ഇരട്ടത്താപ്പും

അഡ്വ. കെ.എ ലത്തീഫ്

കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലോകകപ്പിന്റെ ചുവടൊപ്പിച്ച് ലഹരിക്കെതിരെ മില്യന്‍ ഗോള്‍ അടി തുടരുന്നതിനിടയിലാണ് തലശ്ശേരി കൊടുവള്ളിയില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ മൃഗീയമായി കുത്തേറ്റ് മരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഷമീര്‍ എന്നയാള്‍ സി.പി.എം പാര്‍ട്ടി മെമ്പറും ഭാര്യാസഹോദരന്‍ ഖാലിദ് പാര്‍ട്ടി അനുഭാവിയുമാണ്. ഇക്കഴിഞ്ഞ 23 ന് തലശ്ശേരി സഹകരണ ആശുപത്രിക്ക് മുമ്പില്‍ നടന്ന കൊലപാതക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സി.പി.എം ചാനലായ കൈരളി എഴുതിയും വായിച്ചും കണ്ണൂര്‍ പ്രതിനിധിയെകൊണ്ട് സംഭവ സ്ഥലത്തുനിന്നും പറയിപ്പിച്ചും ജനം കേട്ടത് കൊല നടത്തിയത് ലഹരി മാഫിയ സംഘത്തില്‍പെട്ടവരാണ് എന്നാണ്. (എന്നാല്‍ വണ്ടി കച്ചവടത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട ഷമീറിന്റെ മകന്‍ ബാബുവുമായി തര്‍ക്കം ഉണ്ടായിരുന്നു എന്നും പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ കൊളശ്ശേരി ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിരവധി തവണ മധ്യസ്ഥ ചര്‍ച്ച നടന്നിട്ടുണ്ടെന്നും ഈ പ്രദേശത്ത് പ്രചരിച്ച വാര്‍ത്തയാണ്.) തുടര്‍ന്ന് സി.പി.എം ഏരിയ കമ്മിറ്റി മുതല്‍ സംസ്ഥാന സെക്രട്ടറി വരെയും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞത് ഈ അരുംകൊല നടത്തിയത് ലഹരി മാഫിയ സംഘമാണ് എന്നാണ്. നാട്ടില്‍ പാതിരാത്രിയിലെ അന്ത്യയാമങ്ങളില്‍ സാക്ഷി പോലും ഇല്ലാത്ത അക്രമങ്ങളിലെയും കൊലപാതകങ്ങളിലെയും പ്രതികളെ മഷിയിട്ട് നോക്കി ഗവേഷണം നടത്തി പേരും ഊരും തറവാട് പേരും ഉള്‍പ്പെടെ പ്രഖ്യാപിക്കുന്ന സി.പി. എം പാര്‍ട്ടിയോ ഇരട്ടചങ്കുള്ള മുഖ്യമന്ത്രിയോ ഈ ഇരട്ടകൊലപാതക കേസിലെ മുഖ്യ പ്രതിയെക്കുറിച്ച് ഇതുവരെ അറിഞ്ഞിട്ടുപോലും ഇല്ല എന്ന മട്ടിലാണ്.

കേസിലെ ഒന്നാം പ്രതി പാറായി ബാബു തലശ്ശേരി കൊടുവള്ളി പ്രദേശത്തെ കിരീടം വെക്കാത്ത രാജാവാണ്. നേരത്തെ സജീവ ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന പാറായി ബാബുവിനെ ബി.ജെ.പി പുറത്താക്കിയപ്പോള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് പിണറായി വിജയന്റെ ശിഷ്യന്‍മാരാണ്. അന്ന്മുതല്‍ ഇന്നുവരെ ബാബു സജീവ പാര്‍ട്ടി പ്രവര്‍ത്തകനാണ്. പാര്‍ട്ടി അംഗത്വമുള്ള ആളാണ് എന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ പറയുന്നുണ്ട്. ഗുണ്ടാപ്പിരിവ് ഈ പ്രദേശത്ത് ബാബു ജീവിതത്തിന്റെ ഭാഗമാക്കിയപ്പോള്‍ സഹികെട്ട പല കച്ചവടക്കാരും വിഷയം പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും ചെറുവിരല്‍ പോലും ബാബുവിനെതിരെ ചൂണ്ടാന്‍ സി.പി.എം നേതൃത്വത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ ബാബു പാര്‍ട്ടിക്ക് കൂടുതല്‍ സ്വീകാര്യനാവുകയായിരുന്നു.

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ദൗത്യവും കൃത്യമായി നിര്‍വഹിക്കുന്ന സഖാവ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കൊടുവള്ളിയിലെ ചായ കടയില്‍ വെച്ചാണ് പാറായി ബാബു ബാറ്റ ബാബു എന്ന ബി.ജെ.പിക്കാരനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൈ അറ്റുതൂങ്ങിയ ബാറ്റബാബു രക്ഷപ്പെട്ടെങ്കിലും കൈക്കകത്ത് സ്റ്റീല്‍ ഘടിപ്പിച്ചു വീണ്ടും ജോലിക്ക് പോകവെ ആണ് വെല്‍ഡിങ് പ്രവൃത്തിക്കിടെ ഷോക്കേറ്റ് മരിക്കുന്നത്. പാറായി ബാബുവിനെതിരെ ധര്‍മ്മടം പൊലീസ് രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസ് നടത്തിയതും സി.പി.എം പാര്‍ട്ടിയായിരുന്നു. ഹാജരായത് സി.പി.എം അഭിഭാഷകനും. പാര്‍ട്ടി സമരപരിപാടികള്‍ എവിടെ ആയിരുന്നാലും അവിടങ്ങളിലൊക്കെ കുതിച്ചെത്തുന്ന കമ്യൂണിസ്റ്റാണ് ബാബു.

കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കല്ലെറിയാല്‍ 20 കി.മീ. താണ്ടിയാണ് ബാബു കണ്ണൂര്‍ കലക്ടറേറ്റ് പരിസരത്ത് എത്തിയത്. ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പാറായി ബാബു പ്രതിയാണ്. ആ കേസിന്റെ വിചാരണ ഇപ്പോഴും കണ്ണൂര്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. കൂട്ടുപ്രതികള്‍ രണ്ട് മുന്‍ എം.എല്‍.എമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി, സി.പി.എം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധി പദം അലങ്കരിച്ചവര്‍ ഉള്‍പ്പെടെ. ഇവരോടൊപ്പമാണ് പാറയില്‍ ബാബു പ്രതിപട്ടികയിലുള്ളത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കൊളശ്ശേരി പ്രദേശത്ത് ലഹരിക്കെതിരെ മനുഷ്യശൃംഖല എന്ന പരിപാടി നടക്കുകയുണ്ടായി. മനുഷ്യശൃംഖലയില്‍ ഇടതും വലതുമുള്ള സഖാക്കളുടെ കൈകളില്‍ മുറുക്കെ പിടിച്ച് നില്‍ക്കുന്ന താടിക്കാരന്‍ സഖാവുണ്ട്. അവിടെ വെച്ച് ലഹരിക്കെതിരായി ശക്തമായ വിപ്ലവം നടത്താന്‍ പ്രതിജ്ഞ എടുത്ത ആ താടിക്കാരന്റെ പേരാണ് പാറയി ബാബു എന്ന ഇരട്ടകൊല കേസിലെ ഒന്നാം പ്രതി.

ബാബുവിന്റെ പ്രദേശത്ത് എം. ശ്രീജിത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പ്രസംഗിക്കുമ്പോള്‍ സദസ്സില്‍ ഇരിക്കുന്നവര്‍ക്ക് പാറായി ബാബു പായസം വിതരണം നടത്തുന്ന വീഡിയോയും നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ സ്വീകരിച്ച് ആനയിക്കുന്ന വീഡിയോയും നവമാധ്യമങ്ങളില്‍ വൈറലാണ്. എം.വി ജയരാജന്‍ പ്രസംഗിക്കുന്ന വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെയും വീഡിയോയില്‍ കാണാം. എന്നാല്‍ കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരു വരി പ്രസ്താവനയില്‍ എങ്കിലും പ്രതിയെ തള്ളിപ്പറയാന്‍ സി.പി.എം പാര്‍ട്ടി തയ്യാറാവാത്തതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. കൊല്ലപ്പെട്ടവരുടെ മയ്യത്തുകള്‍ ഖബറടക്കിയതിനുശേഷം പരിസരത്ത് നടന്ന അനുശോചന യോഗത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മയക്കുമരുന്ന് മാഫിയക്ക് എതിരെ ശക്തമായി പ്രസംഗിച്ചെങ്കിലും പാറായി ബാബുവിന്റെ പേര് അബദ്ധത്തില്‍ പോലും ഉച്ചരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു എന്നതും ശ്രദ്ധേയമാണ്. ദൃശ്യമാധ്യമങ്ങളും പ്രിന്റ് മീഡിയാകളും മുഖ്യപ്രതിയുടെ രാഷ്ട്രീയ ബന്ധം തെളിവ് സഹിതം നിരത്തിയിട്ടും പ്രതി ബാബുവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനോ തള്ളിപ്പറയാനോ തയ്യാറാവാത്തത് പാര്‍ട്ടി ബാബുവിനെ ഭയപ്പെടുന്നു എന്നത് കൊണ്ട് തന്നെയാണ്.

കൊലക്ക് ശേഷം എത്ര സുന്ദരമായാണ് ബാബുവും സംഘവും തലശ്ശേരി വിട്ടത്. പ്രതികള്‍ ആയുധവുമായി വന്ന ഓട്ടോറിക്ഷ പിണറായി വിജയന്റെ വീടിനടുത്തുനിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തില്‍ കിഴക്കുംഭാഗം എന്ന സ്ഥലത്താണ് ഒളിപ്പിച്ച്‌വെച്ചത്. പാര്‍ട്ടി ഗ്രാമമായ കിഴക്കും ഭാഗത്ത് ഇത്ര ധൈര്യത്തില്‍ വണ്ടി കൊണ്ട് വെക്കാനും ഏഴാം പ്രതി സന്ദീപിന്റെ പിണറായിയിലെ വീട്ടില്‍ സൂക്ഷിച്ച പിക്അപ്പ് വാനില്‍നിന്ന് പ്രതികള്‍ ധരിച്ച വസ്ത്രവും പരിസരത്തുനിന്ന് കത്തിയും കണ്ടെടുത്തു എന്നു പറയുമ്പോള്‍ പിണറായി പ്രദേശത്തെ പ്രാദേശിക നേതൃത്വവും കൊലയാളികള്‍ക്ക് ഒപ്പമായിരുന്നു എന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ ആവുമോ?.

പാര്‍ട്ടി അംഗത്വമുള്ള സ്വന്തം സഖാക്കളെ അരുംകൊല ചെയ്ത പാറയില്‍ ബാബുവിനെ തള്ളിപ്പറയാന്‍ തയ്യാറാവാത്തത് സി.പി.എം ആ രണ്ട് വ്യക്തികളുടെ കുടുംബത്തോട് ചെയ്യുന്ന കൊടും ചതിയാണ്. മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ സര്‍ക്കാരും പാര്‍ട്ടിയും ഏറ്റെടുത്ത ലഹരി നിര്‍മാണ കാമ്പയിന്റെ ഭാഗമായി മരണപ്പെട്ടവര്‍ നടത്തിയ ഇടപെടലാണ് ലഹരി വിപണന മാഫിയയുടെ ഭാഗമായ ബാബു സ്വന്തം സഹപ്രവര്‍ത്തകരെ കുത്തിക്കൊലപ്പെടുത്താന്‍ കാരണമായത്. എന്നിട്ടും എന്തെ പാര്‍ട്ടിയും മുഖ്യമന്ത്രിയും കൊലപാതകിയെ കുറിച്ച് മൗനം പാലിക്കുന്നു. മാത്രവുമല്ല കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സഹായിക്കാന്‍ ബക്കറ്റ് പിരിവ് നടത്തി രക്തസാക്ഷി കുടുംബത്തോട് കൂറുപുലര്‍ത്തുന്നതാണ് സി.പി.എം ശൈലി. എങ്കില്‍ കൊല്ലപ്പെട്ട ഷമീറിന്റെയും ഖാലിദിന്റെയും കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി നേരിട്ട് രംഗത്ത് ഇറങ്ങുന്നില്ല എന്ന വാര്‍ത്തയും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ പോലും ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞദിവസം തലശ്ശേരി നഗരസഭ ചെയര്‍മാന്‍ ലഹരിമുക്ത കാമ്പയില്‍ നടത്താന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ വെച്ച് മുനിസിപ്പല്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഓഫീസറെ കണ്‍വീനര്‍ ആക്കി ഫണ്ട് ശേഖരണത്തിനായി കമ്മിറ്റി ഉണ്ടാക്കിയിരിക്കുകയാണ്. കണ്ടതിനൊക്കെ മണിക്കൂറുകള്‍കൊണ്ട് ലക്ഷങ്ങള്‍ പിരിക്കുന്ന പാര്‍ട്ടി കൊല്ലപ്പെട്ട സഖാക്കളുടെ കുടുംബത്തിന് സഹായഫണ്ട് പിരിക്കാന്‍ പോലും തയ്യാറല്ലത്രെ. സ്വന്തം സഖാക്കളെ അതിക്രൂരമായി കൊലചെയ്ത കൊലയാളികളോട് ഇതിലേറെ ഐക്യദാര്‍ഢ്യം സി.പി.എം പാര്‍ട്ടിക്ക് എങ്ങിനെ പ്രകടിപ്പിക്കാനാവും. ഇരട്ട ചങ്കന്റെ നാട്ടില്‍ നടന്ന ഇരട്ട കൊലപാതകത്തിലെ പ്രതികളോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന പാര്‍ട്ടി ഇരട്ടത്താപ്പ് അരി ആഹാരം കഴിക്കുന്നവര്‍ തിരിച്ചറിയുക തന്നെ ചെയ്യും.

Test User: