ന്യൂഡല്‍ഹി: തിരക്കേറിയ റൂട്ടുകളില്‍ ഡബിള്‍ ഡെക്കര്‍ എ.സി തീവണ്ടി സര്‍വീസുകളുമായി ഇന്ത്യന്‍ റെയില്‍വെ പരീക്ഷണത്തിനൊരുങ്ങുന്നു. ഉത്കൃഷ്ട് എസി യാത്രി (ഉദയ്) എന്ന് പേരിട്ട എക്സ്പ്രസ് തീവണ്ടിയില്‍ ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനുകള്‍ വഴി ഭക്ഷണ പാനീയങ്ങള്‍ ലഭ്യമാവുക. 120 സീറ്റുകളുള്ള എസി കോച്ചുകളുമായാണ് ഉദയ് യാത്രക്കൊരുങ്ങുന്നത്.
അതേസമയം തേഡ് എ.സി മെയില്‍ എക്സ്പ്രസ് തീവണ്ടികളിലെ യാത്രാ നിരക്കിന് താഴെയായിരിക്കും ഈടാക്കുക എന്നതാവും പുതിയ തീവണ്ടിയുടെ പ്രത്യേകത.
കൂടാതെ എല്ലാ കോച്ചുകളിലും വലിയ എല്‍സിഡി സ്‌ക്രീന്‍, വൈ ഫൈ തുടങ്ങിയ സംവിധാനങ്ങളും ട്രെയിനിലുണ്ടാകും. സാധാരണ ട്രെയിനുകളേക്കാള്‍ നാല്‍പത് ശതമാനം കൂടുതല്‍ ഭാരം വഹിക്കാന്‍ സൗകര്യമുള്ള ഉദയില്‍, തിരക്കുസമയങ്ങളില്‍ പോലും യാത്ര സുഖകരമാകുമെന്നാണ് വിലയിരുത്തല്‍. സ്വീപ്പര്‍ സൗകര്യമില്ലെങ്കിലും രാത്രി യാത്ര സൗകര്യപ്രതമാകുന്ന രീതിയിലാണ് കോച്ചുകളുടെ നിര്‍മാണമെന്ന് റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി.
തിരക്കേറിയതും കൂടുതല്‍ ആവശ്യപ്പെടുന്നതുമായ ഡല്‍ഹി-ലക്നൗ റൂട്ടിലാകും ഉദയുടെ സേവനം ആദ്യം എത്തിക്കുക. വരുന്ന ജൂലൈയോടെ തീവണ്ടി ഓടിത്തുടങ്ങുമെന്നാണ് റെയില്‍വെ വൃത്തങ്ങളിലില്‍ നിന്നും ലഭിക്കുന്ന വിവരം.