X

ഹെല്‍മെറ്റ് ധരിച്ച് ജോലിക്കെത്തി ഡോക്ടര്‍മാരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: ഹെല്‍മെറ്റ് ധരിച്ച് ജോലിക്കെത്തി ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ജീനിയര്‍ ഡോക്ടര്‍മാരുടെ വേറിട്ട പ്രതിഷേധം. മഹാഷ്ട്രയില്‍ ഡോക്ടര്‍മാര്‍ക്കു നേരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരെയാണ് ഡല്‍ഹിയില്‍ ഇത്തരത്തില്‍ പ്രതിഷേധമുണ്ടായത്. 1200 ഓളം ഡോക്ടര്‍മാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
ജോലി സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സേവ് ദി സേവറി ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഹെല്‍മെറ്റ് ധരിച്ച് പ്രതിഷേധിച്ചതെന്ന് എയിംസ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. വിജയ് ഗുജാര്‍ പറഞ്ഞു. ‘ദിനംപ്രതി ഡോക്ടര്‍മാര്‍ ക്രൂരമായി ആക്രമിക്കപ്പെടുകയാണ്. മര്‍ദ്ദനത്തിന് ഇരയായ ഡോക്ടര്‍മാരോട് ആര്‍ക്കും സഹാനുഭൂതിയില്ല. അവര്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് മാത്രമല്ല വീണ്ടും നടപടികള്‍ നേരിടേണ്ടി വരികയും ചെയ്യുന്നു’-അദ്ദേഹം പറഞ്ഞു. രോഗികളുടെ ബന്ധുക്കളില്‍ നിന്ന് ആക്രമണം പതിവായതോടെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാലു ദിവസമായി സമരത്തിലാണ്. ഇതോടെ ആരോഗ്യമേഖലയില്‍ പ്രതിസന്ധി ഉടലെടുത്തിരുന്നു. ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ ആറു മാസത്തെ ശമ്പളം നഷ്ടമാകുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

chandrika: