X
    Categories: indiaNews

തിരക്കൊഴിയാതെ വക്കീല്‍ സാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള പഴക്കം ചെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്തേക്ക് 24 വര്‍ഷത്തിനു ശേഷം നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നും ഒരാള്‍ എത്തിയിരിക്കുന്നു. കര്‍ണാടകയിലെ ബിദാറില്‍ നിന്നുള്ള 80കാരന്‍ മപ്പണ്ണ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്ന മുതിര്‍ന്ന നേതാവാണ് ഇനി പാര്‍ട്ടിയെ നയിക്കുക.

50 വര്‍ഷത്തിനിടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ദളിത് നേതാവും ജഗജീവന്‍ റാമിനു ശേഷം ഈ പദവിയിലെത്തുന്ന രണ്ടാമത്തെ ദളിത് നേതാവുമാണ്. പല പേരുകള്‍ പറഞ്ഞു കേട്ട അധ്യക്ഷ പദവിയിലേക്ക് അവിചാരിതമായാണ് ഖാര്‍ഗെ എന്ന മുഴുസമയ കോണ്‍ഗ്രസുകാരന്‍ എത്തുന്നത്. ബിദാറിലെ വരവട്ടി ഗ്രാമത്തിലാണ് ഖാര്‍ഗെ കുടുംബത്തിന്റെ ഉറവിടം. ഏഴ് വയസുള്ളപ്പോഴാണ് ഖാര്‍ഗെയും കുടുംബവും സമീപജില്ലയായ കല്‍ബുര്‍ഗിയിലേക്ക് മാറുന്നത്.

വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് കുടുംബത്തെ പറിച്ചുനടാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. സംഘര്‍ഷത്തില്‍ അമ്മയുള്‍പ്പടെ കുടുംബത്തിലെ നിരവധി അംഗങ്ങളെ ഖാര്‍ഗെയ്ക്ക് നഷ്ടമായി. ഈ സംഭവം തന്നെ എക്കാലവും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരായ ശക്തമായ നിലപാടുകളെടുക്കാനും മതനിരപേക്ഷതയ്‌ക്കൊപ്പം അടിയുറച്ച് നില്‍ക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കി. കോളജ് കാലത്ത് വിദ്യാര്‍ഥി യൂണിയനുകളില്‍ പ്രവര്‍ത്തിച്ചാണ് രാഷ്ട്രീയത്തിന് തുടക്കമിടുന്നത്. സേത് ശങ്കര്‍ലാല്‍ ലഹോത്രി കോളജില്‍ നിയമപഠനം നടത്തുന്ന കാലത്ത് ഖാര്‍ഗെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത് ഒരു സിനിമാ തിയേറ്ററില്‍ ജോലി ചെയ്തായിരുന്നു.പിന്നീട് അഭിഭാഷകനായതോടെ തൊഴിലാളി യൂണിയനുകളുമായി ബന്ധപ്പെട്ട തൊഴില്‍ കേസുകളിലായി പ്രധാനമായും ഇടപ്പെട്ടത്. സുപ്രീംകോടതി ജഡ്ജിയായി വിരമിച്ച ശിവരാജ് പാട്ടീല്‍, അഭിഭാഷകനായിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പം പ്രാക്ടീസ് ചെയ്തു. നിയമസഭയിലേക്കേും ലോക്‌സഭയിലേക്കുമായി 12 തവണ തിരഞ്ഞെടുപ്പിനെ നേരിട്ട ഖാര്‍ഗെ 2019ല്‍ മാത്രമാണ് തോല്‍വി അറിഞ്ഞത്. 1972ല്‍ ആദ്യമായി മത്സരിച്ചത് മുതല്‍ 2008വരെ തുടര്‍ച്ചയായി ഒമ്പത് തവണ കര്‍ണാടകയില്‍ എം.എല്‍.എയായി.

സംവരണ സീറ്റായ ഗുര്‍മിത്കലില്‍ നിന്നായിരുന്നു കൂടുതല്‍ തവണയും വിജയിച്ചത്. ഒരു തവണ ചിതാപുരില്‍ നിന്ന് ജയിച്ചു. 2009ലും 2014ലും ഗുല്‍ബര്‍ഗയില്‍ നിന്ന് ലോക്‌സഭയിലെത്തി. മൂന്ന് തവണയാണ് മുഖ്യമന്ത്രി കസേര കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായത്. ആദ്യം 1999ല്‍ ഖാര്‍ഗെയെ തഴഞ്ഞ് എസ്.എം.കൃഷ്ണയെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കി. 2004ലാണ് രണ്ടാമത്തെ അവസരം വന്നത്. കോണ്‍ഗ്രസ് – ജനതാദള്‍ സഖ്യത്തിന്റെ സമവായത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പദം ധരംസിങിന് വേണ്ടി മാറിക്കൊടുത്തു.

നേതൃത്വത്തെ അക്ഷരം പ്രതി അനുസരിക്കുന്ന ഖാര്‍ഗെ 2013ല്‍ മൂന്നാം തവണ സിദ്ധരാമയ്യയ്ക്ക് വേണ്ടിയാണ് മാറിക്കൊടുത്തത്. കര്‍ണാടക സര്‍ക്കാറില്‍ നിരവധി മന്ത്രി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സനാതന ധര്‍മ്മത്തിന്റെ നിത്യവിമര്‍ശകനായ ഖാര്‍ഗെ പലപ്പോഴും സംഘപരിവാറിന്റെ കണ്ണിലെ കരടാണ്. താന്‍ അംബേദ്കറേയും ബുദ്ധനേയുമാണ് പിന്തുടരുന്നതെന്ന് ഖാര്‍ഗെ പലതവണ പ്രഖ്യാപിച്ചു. ദളിതനായതുകൊണ്ട് കോണ്‍ഗ്രസില്‍ തഴയപ്പെട്ടുവെന്ന അഭിപ്രായത്തോട് ഖാര്‍ഗെയ്ക്ക് ഒട്ടുംയോജിപ്പില്ല. തന്റെ പ്രവര്‍ത്തനം മാത്രമാണ് വിലയിരുത്തേണ്ടതെന്നാണ് അദ്ദേഹം ഇതിന് നല്‍കുന്ന മറുപടി. കബഡി, ഹോക്കി, ഫുട്‌ബോള്‍ താരമായിരുന്ന ഖാര്‍ഗെ നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കി. ഈ കായിക ഇനങ്ങള്‍ക്ക് ക്രിക്കറ്റിനൊപ്പം തന്നെ രാജ്യത്ത് പ്രചാരണം ഉണ്ടാക്കണമെന്ന് അദ്ദേഹം വാദിച്ചു. നിരവധി ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ഖാര്‍ഗെ ഒരു ബഹുഭാഷ പണ്ഡിതനായിട്ടാണ് രാഷ്ട്രീയക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത്.

ഹിന്ദി, ഉറുദു, കന്നഡ, മറാത്തി, തെലുങ്ക്, ഇംഗ്ലീഷ് കൂടാതെ മറ്റുചില പ്രാദേശിക ഭാഷകളും ഖാര്‍ഗെ നന്നായി സംസാരിക്കും. മപ്പണ്ണയും സായിബവ്വയുമാണ് ഖാര്‍ഗെയുടെ മാതാപിതാക്കള്‍. ഭാര്യ രാധാഭായി. പ്രിയങ്ക് ഖാര്‍ഗെ, രാഹുല്‍ ഖാര്‍ഗെ, മിലിന്ദ് ഖാര്‍ഗെ എന്നിങ്ങനെ മൂന്ന് ആണ്‍ മക്കളും പ്രിയദര്‍ശിനി ഖാര്‍ഗെ, ജയശ്രീ എന്നിങ്ങനെ രണ്ട് പെണ്‍ മക്കളുമുണ്ട്. പ്രിയങ്ക് നിലവില്‍ എം.എല്‍.എയും മുന്‍ മന്ത്രിയുമാണ്.

Test User: