X

ശ്രീലങ്കയുടെ ഗതിക്ക് കാത്തിരിക്കരുത്-എഡിറ്റോറിയല്‍

കേരളത്തിന്റെ പൊതുകടം പിടിച്ചാല്‍കിട്ടാത്ത രീതിയില്‍ എവറസ്റ്റുപോലെ പെരുകിക്കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പുതുമയില്ല. ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കായിമാത്രം റവന്യൂ വരുമാനത്തിന്റെ 80 ശതമാനത്തിലധികം ചെലവഴിക്കാന്‍ നാം നിര്‍ബന്ധിതമായിട്ട് വര്‍ഷങ്ങളായി. രണ്ടാം തവണയും ഭരണത്തിലേറിയ ഇടതുമുന്നണി സര്‍ക്കാര്‍ ഇക്കാര്യത്തിലെങ്കിലും എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും നാള്‍ക്കുനാള്‍ സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുകയല്ലാതെ തെല്ലും അയയുന്നമട്ട് കാണുന്നില്ല. ഈ വര്‍ഷം അവസാനത്തോടെ പൊതുകടം മൂന്നേമുക്കാല്‍ ലക്ഷം കോടിയിലെത്തുമെന്നാണ് വിവരം. രണ്ടു വര്‍ഷത്തിനകം ഇത് നാലര ലക്ഷം കോടി കവിയുമെന്നിരിക്കെ, ഇപ്പോഴും ധനവകുപ്പുമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആവര്‍ത്തിക്കുന്നത് കടമെടുക്കാന്‍ കേന്ദ്രം സഹായിക്കുന്നില്ലെന്നാണ്.

ഇതാണോ ഒരു ഭരണകൂടത്തില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നത്. ഇക്കണക്കിന് പോയാല്‍ വൈകാതെ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബായയുടെ ഔദ്യോഗിക വസതി കയ്യേറിയ ജനത്തിന്റെ അവസ്ഥയാകും കേരളത്തിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിനും വന്നുചേരുക എന്നത് അതിശയോക്തിയായി കാണാനാവില്ല. സംസ്ഥാനത്തിന്റ മൊത്ത ആഭ്യന്തര വരുമാനത്തിന്റെ (ജി.എസ്.ഡി.പി) 16 ശതാമനത്തിനും മുകളിലാണ് ഇപ്പോഴത്തെ കടമെടുപ്പ്. ഇത് വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ജി.എസ്.ഡി.പിയുടെ 10-12 ശതമാനമാണ് ഇതുവരെയുണ്ടായിരുന്ന കടമെടുപ്പ് പരിധി. ഇത് പത്തിലും താഴെയായിരിക്കണമെന്നാണ് രാജ്യത്തെ ധനകാര്യതത്വം. ഇതംഗീകരിക്കാതെയാണ് പിണറായി സര്‍ക്കാര്‍ വിത്തെടുത്ത് കുത്തുന്ന അവസ്ഥയിലേക്ക് നാടിനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. വൈകാതെതന്നെ നമ്മുടെ കട പരിധി 23 ശതമാനത്തിലേക്കെത്തുമെന്നാണ് കരുതപ്പെടുന്നത്. ഏതൊരു വ്യക്തിക്കും കടമെടുക്കാന്‍ അനുവദിക്കുന്നത് അയാളുടെ തിരിച്ചടവിന്റെ ശേഷിയനുസരിച്ചാണ്. ഈ സാമാന്യതത്വം പോലും മറികടന്നുകൊണ്ടുള്ള പോക്ക് വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുക. കഴിഞ്ഞ മാസമാണ് അയ്യായിരം കോടി കൂടി കടമെടുക്കാന്‍ കേന്ദ്ര ധനമന്ത്രാലയം സംസ്ഥാനത്തിന് അനുമതി നല്‍കിയത്. അതില്‍നിന്ന് മൂവായിരം കോടി ഇതിനകം എടുത്തുകഴിഞ്ഞു. ഓണത്തോടനുബന്ധിച്ചുള്ള ബാധ്യത കൂടിയാകുന്നതോടെ ശരിയായ കുരുക്കിലേക്കാണ് കേരളം നീങ്ങുന്നത്. കടമെടുത്തില്ലെങ്കില്‍ സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍പോലും നടക്കുന്നില്ലെന്ന് വരുന്നത് തികച്ചും ലജ്ജാകരമായ അവസ്ഥയാണ്. ഇതിന്റെ ഭാരമെല്ലാം പക്ഷേ പേറേണ്ടിവരുന്നത് കോവിഡാനന്തര തൊഴിലില്ലായ്മയും വിലക്കയറ്റവുംകൊണ്ട് പൊറുതിമുട്ടുന്ന ജനമാണെന്നതാണ് ഏറെ സങ്കടകരം. എല്ലാത്തിനും പരിഹാരം ‘കിഫ്ബി’ യാണെന്ന വാദം സ്വയംതള്ളുകയാണിതിലൂടെ സര്‍ക്കാരും സി.പി.എമ്മും.

ജൂണ്‍ ആദ്യവാരമാണ് റിസര്‍വ് ബാങ്ക് കേരളമടക്കം ഏതാനും സംസ്ഥാനങ്ങള്‍ക്ക് ശ്രീലങ്കയുടെ ഗതിവരരുതെന്ന മുന്നറിയിപ്പ് നല്‍കിയത്. ഇത് മുഖവിലക്കെടുത്ത് നികുതികുടിശിക പിരിച്ചെടുക്കുന്നതിനോ അനാവശ്യ ചെലവുകള്‍ വെട്ടിക്കുറക്കുന്നതിനോ ശ്രദ്ധിക്കുകയല്ല സര്‍ക്കാരിപ്പോഴും ചെയ്യുന്നത്. ദിവസങ്ങള്‍ക്ക്് മുമ്പാണ് ക്ലിഫ്ഹൗസില്‍ തൊഴുത്തും മതിലും നിര്‍മിക്കാന്‍ 43 ലക്ഷത്തോളം രൂപ അനുവദിച്ചുകൊണ്ടുള്ള ധനകാര്യ മന്ത്രാലയത്തിന്റെ ഉത്തരവുണ്ടായതെന്നതാണ് ഖേദകരം. ഹെലികോപ്റ്റര്‍ വാടകക്കെടുക്കാനും ആഢംബര കാറുകള്‍ വാങ്ങാനും മറ്റും ചെലവിടുന്ന തുക വെട്ടിക്കുറച്ചാല്‍ മാത്രംമതി കുറച്ചുപേര്‍ക്കെങ്കിലും ശമ്പളവും പെന്‍ഷനും കൊടുക്കാന്‍. ഇതേ അവസരത്തില്‍തന്നെയാണ് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും തലയിലേക്ക് വൈദ്യുതി, വെള്ളക്കരങ്ങള്‍ വര്‍ധിപ്പിച്ചതും ജി.എസ്.ടിയിലെ കുത്തനെയുള്ള വര്‍ധനയും. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനക്ക് കാരണമാകുന്ന രീതിയില്‍ ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വിലകള്‍ വര്‍ധിപ്പിച്ചതിന് പുറമെയാണ് സംസ്ഥാനത്തിന്റെ വകയായ ഈ കഴുത്തറുപ്പ്. നിരക്ക് കുത്തനെ കൂട്ടിയിട്ടുപോലും ഭാരിച്ച കടത്തിന്റെ കണക്കുമായാണ് റെഗുലേറ്ററി അതോറിറ്റിയെയും 500 കോടിയുടെ സഹായത്തിനായി സര്‍ക്കാരിനെയും വൈദ്യുതി ബോര്‍ഡ് സമീപിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ സ്ഥിതിയാകട്ടെ അതിലേറെ പരിതാപകരവും. 15000 കോടിയിലധികംരൂപയുടെ നികുതി കുടിശികയും ശതകോടികളുടെ വൈദ്യുതിച്ചാര്‍ജ് കുടിശികയും മറ്റും പിടിച്ചെടുക്കാനുള്ള ആര്‍ജവമുണ്ടായാല്‍തന്നെ ഒരുപരിധിവരെ പരിഹരിക്കാവുന്നതാണ് ഈ കുരുക്കെന്നിരിക്കെ അതിനൊന്നും തുനിയാത്തതിന് കാരണം ഇരു ഭരണകൂടങ്ങളുടെയും കെടുകാര്യസ്ഥതയും കുത്തകകളോടുള്ള വിധേയത്വവുമല്ലാതെന്താണ്?

Chandrika Web: