X

ഇനി കമ്പനികളെ കാത്തിരിക്കേണ്ട; സഊദിയില്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈനില്‍

റിയാദ്: സഊദിയില്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി ലഭിക്കും. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെ ആശ്വാസകരമാകുന്ന നടപടിയാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കിയത്. ഖിവാ പ്ലാറ്റ്‌ഫോമിലൂടെ ഓണ്‍ലൈനായി പരിചയ സമ്പത്ത് തെളിയിക്കുന്ന സര്‍വീസ് സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ കൈപ്പറ്റാവുന്നതാണ് പുതിയ സേവനം. ഇതോടെ കമ്പനികളെ ആശ്രയിക്കാതെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നേടാനാകും.

ഒരു സ്ഥാപനത്തില്‍ നിന്നും ജോലി അവസാനിപ്പിച്ചു മാറി മറ്റൊരു ജോലി പുതിയ സ്ഥാപനത്തില്‍ കണ്ടെത്തുമ്പോള്‍ കഴിവും പ്രവൃത്തിപരിചയവും തെളിയിക്കുന്നതിനാണ് ജീവനക്കാര്‍ക്ക് സര്‍വീസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്. പലപ്പോഴും ജോലി ചെയ്തിരുന്ന സ്ഥാപനം സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ വൈകുന്നത് ജോലി നഷ്ടമാകാന്‍ കാരണമായിരുന്നു. പുതിയ പദ്ധതി വന്നതോടെ ജീവനക്കാര്‍ക്ക് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ ഇനി മുതല്‍ സ്ഥാപനങ്ങളുടെ ഔദാര്യത്തിന് കാത്തുനില്‍ക്കേണ്ടതില്ല.

ഖിവാ പ്ലാറ്റ്‌ഫോമിലെ വ്യക്തിഗത അക്കൗണ്ടു വഴിയാണ് ഓണ്‍ലൈനായി സര്‍വിസ് സര്‍ട്ടിഫിക്കറ്റ് നേടേണ്ടത്. തൊഴില്‍ മേഖലയിലെ അന്തരീക്ഷം മെച്ചപ്പെടുത്താനും സ്ഥിരത വര്‍ധിപ്പിക്കാനും ഏറ്റവും മികച്ച ഡിജിറ്റല്‍ പോംവഴികളിലൂടെ രാജ്യാന്തര തലത്തിലെ മികച്ച രീതികള്‍ കൈവരിക്കാനും ബിസിനസ് മേഖലക്കായി 130 ലേറെ ഓട്ടോമേറ്റഡ് സേവനങ്ങള്‍ നല്‍കാനുമാണ് ഖിവാ പ്ലാറ്റ്‌ഫോമിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പദ്ധതിയിടുന്നത്.

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും തൊഴില്‍ വിപണിയുടെ സ്ഥിരതയും ആകര്‍ഷണീയതയും ഉയര്‍ത്തുകയും ചെയ്യുന്ന നിലയ്ക്ക് മുഴുവന്‍ സേവനങ്ങളും ഖിവാ പ്ലാറ്റ്‌ഫോമിലൂടെ ഡിജിറ്റല്‍ രീതിയില്‍ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

webdesk14: