X
    Categories: MoreViews

മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കരുത്; താക്കീതുമായി കോടിയേരി

തിരുവനന്തപുരം: എല്‍.ഡി.എഫിനകത്ത് അഭിപ്രായവ്യത്യാസമാണെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തുന്ന പരിശ്രമങ്ങളില്‍ ആരും ഭാഗഭാക്കാകേണ്ടതില്ലെന്ന് സി.പി.ഐക്ക് സി.പി.എമ്മിന്റെ മുന്നറിയിപ്പ്. വ്യത്യസ്ത പാര്‍ട്ടികള്‍ക്ക് ഭിന്നാഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെങ്കിലും അതൊരിക്കലും ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്തുന്നതാകരുതെന്നും കഴിഞ്ഞ ദിവസം അവസാനിച്ച സംസ്ഥാനസമിതി യോഗം ചൂണ്ടിക്കാട്ടി.

മുന്നണിയെ ശക്തിപ്പെടുത്താനാണ് സി.പി.എം ശ്രമിക്കുന്നതെന്നും സി.പി.ഐയുമായുള്ള പ്രശ്‌നങ്ങള്‍ എല്‍.ഡി.എഫ് യോഗത്തിലും പാര്‍ട്ടികള്‍ തമ്മിലുള്ള ഉഭയകക്ഷിചര്‍ച്ചയിലും ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയതാണെന്നും സമിതി തീരുമാനങ്ങള്‍ വിശദീകരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി.പി.ഐമായി ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല.
ബി.ജെ.പിക്ക് ബദലെന്ന നിലയില്‍ ദേശീയ തലത്തില്‍ ഇടതുകക്ഷികള്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഇതിന് പ്രമുഖ ഇടതുകക്ഷികളായ സി.പി.ഐയും സി.പി.എമ്മും യോജിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച നടപടിയില്‍ സി.പി.എമ്മിന് വ്യത്യസ്ത അഭിപ്രായമുണ്ട്. നിയമവിരുദ്ധമാണെങ്കില്‍ അത് ഒഴിപ്പിക്കേണ്ടതാണ്. അല്ലാതെ ടെലിവിഷന്‍ ചാനലുകളെ കൂട്ടിക്കൊണ്ടുവന്ന് കുരിശ് പൊളിച്ച നടപടിയിലാണ് സി.പി.എമ്മിന് വിയോജിപ്പ്. സ്ഥലം ഒഴിപ്പിച്ചെടുക്കലല്ലേ, അല്ലാതെ കുരിശ് കൈയടക്കലല്ലല്ലോ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു
സി.പി.എം കയ്യേറ്റക്കാരാണെന്ന് സി.പി.ഐയോ, സി.പി.ഐ കയ്യേറ്റക്കാരാണെന്ന് സി.പി.എമ്മോ പറഞ്ഞിട്ടില്ല. ഇതല്ലാം ചിലര്‍ പറഞ്ഞുണ്ടാക്കുന്നതാണ്. സി.പി.എം കയ്യേറ്റമൊഴിപ്പിക്കലിന് എതിരാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ നടത്തുന്നത്. അത് മെയ് 21 ന് ഇടുക്കിയില്‍ നടത്തുന്ന പട്ടയ വിതരണം മുടക്കാനാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

chandrika: