കൊച്ചി: വീട്ടില്‍ പ്രായമായ അമ്മയുണ്ടെന്നും ശിക്ഷ പരമാവധി കുറക്കണമെന്നുമുള്ള പെരിയ ഇരട്ടക്കൊലക്കേസ് പ്രതി സി.പി.എം നേതാവ് കെ.വി. കുഞ്ഞിരാമന്റെ വാദത്തിനെതിരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കുഞ്ഞിരാമന് അമ്മയുണ്ടെന്നത് ലോകത്തെ എട്ടാമത്തെ അത്ഭുതമാണോ എന്നും കൊല്ലപ്പെട്ട ഈ കുഞ്ഞുങ്ങള്‍ക്ക് അമ്മയില്ലേ എന്നും അദ്ദേഹം ചോദിച്ചു.
‘ലോകത്ത് ബാക്കിയെല്ലാവരും അമ്മയില്ലാതെയാണോ ജനിച്ചത്? ഇവര്‍ കൊലപ്പെടുത്തിയ കൃപേഷിനും ശരത് ലാലിനും അമ്മയില്ലേ? കെ.വി. കുഞ്ഞിരാമന് മാത്രമേ അമ്മയുള്ളൂ? കോണ്‍ഗ്രസില്‍നിന്ന് കാലുമാറി കൊലക്കേസ് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. സി.കെ. ശ്രീധരന്റെ ആവനാഴിയിലെ അവസാനത്തെ അടവും തീര്‍ന്നതിനാല്‍ 19ാമത്തെ അടവായാണ് കുഞ്ഞിരാമന്റെ അമ്മയെ പറയുന്നത്. ലോകത്തെല്ലാവര്‍ക്കും അമ്മയുണ്ട്. ഇനി ഒരമ്മയ്ക്കും ഈ അവസ്ഥ വരരുതെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായാണ് പ്രായമായ അമ്മയുണ്ടെന്നും ശിക്ഷ പരമാവധി കുറക്കണമെന്നും കുഞ്ഞിരാമന് വേണ്ടി ഹാജരായ അഡ്വ. സി.കെ. ശ്രീധരന്‍ എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയില്‍ ബോധിപ്പിചചത്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ പ്രത്യേക കോടതി ജഡ്ജി എന്‍. ശേഷാദ്രിനാഥന്‍ ഇന്ന് 12.15ന് വിധിക്കും.
2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവര്‍ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ജീപ്പിലെത്തിയ അക്രമിസംഘം ഇവരെ ഇടിച്ചുതെറിപ്പിച്ച ശേഷം വെട്ടുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നെങ്കിലും കോടതി അന്വേഷണം ശരിവെക്കുകയായിരുന്നു.