X

കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ചയാൾ ഞങ്ങളെ പഠിപ്പിക്കേണ്ട; വീണ ജോർജിനെതിരെ വിമർശനവുമായി വി.ഡി.സതീശൻ

കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച വീണ ജോർജ് തങ്ങളെ പഠിപ്പിക്കാൻ വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിലാണ് ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രൂക്ഷവിമർശനം ഉയർത്തിയത്. ആലപ്പുഴ പൂച്ചാക്കലിൽ പട്ടാപ്പകൽ ദലിത് പെൺകുട്ടിയെ ആക്രമിച്ചവരെ 48 മണിക്കൂർ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയേയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. പ്രതികളെ അറസ്റ്റ് ​ചെയ്യാത്ത ആ പൊലീസ് സ്റ്റേഷൻ ഇനി നമുക്ക് വേണോയെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള യു.ഡി.എഫിന്റെ അടിയന്തര പ്രമേയത്തിനിടെയാണ് വി.ഡി സതീശന്റെ പരാമർശം. കെ.കെ രമയാണ് യു.ഡി.എഫിനാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. പുച്ചാക്കലിലെ പ്രതികൾ സി.പി.എം നേതാക്കളായതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്ന് പ്രതി​പക്ഷ നേതാവ് ആരോപിച്ചു.

തനിക്കെതിരെ സൈബർ ആക്രമണം നടത്തിയവർക്ക് സ്ഥാനക്കയറ്റം നൽകിയ പാർട്ടിയാണ് കോൺഗ്രസെന്ന് വീണ ജോർജ് പറഞ്ഞപ്പോഴാണ് കാപ്പ കേസ് പ്രതിക്ക് സ്വീകരണം നൽകിയാൾ തങ്ങളെ പഠിപ്പിക്കാൻ വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. വി.ഡി സതീശന്റെ പ്രസംഗത്തിനിടെ ഭരണപക്ഷ ബെഞ്ചുകളിൽ നിന്നും നിരവധി തവണ ബഹളമുണ്ടായി.

ബി.ജെ.പി അനുഭാവിയും കാപ്പ അടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ യുവാവ് റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ സി.പി.എമ്മില്‍ ചേര്‍ന്നത് വിവാദമായിരുന്നു. മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രന്റെ പാർട്ടി പ്രവേശനമാണ് വിവാദത്തിന് കാരണമായത്. ഇയാൾക്ക് സ്വീകരണം നൽകുന്ന പരിപാടിയിൽ മന്ത്രി വീണ ജോർജ് പ​ങ്കെടുത്തിരുന്നു.

webdesk13: