X

‘മുസ്‌ലിംകൾ സംവരണത്തിന് അർഹരല്ലേ?’; ബി.ജെ.പി ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് ലാലു

സംവരണ ആനുകൂല്യങ്ങൾ മുസ്‌ലിംകൾക്ക് കൂടി ലഭ്യമാക്കണമെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കാനാണ് ഭരണകക്ഷിയായ ബി.ജെ.പി ശ്രമിക്കുന്നതെന്നും ലാലു ആരോപിച്ചു. ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഏറെനാളായി ലാലു വീട്ടിൽ വിശ്രമത്തിലാണ്. ഭാര്യ റാബ്‌റി ദേവി എം.എൽ.സിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഈ വർഷം ആദ്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 11 പേർ എം.എൽ.സിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇത്തവണ 400 സീറ്റ് നേടുമെന്ന മോദിയുടെ അവകാശവാദത്തെ ലാലു പരിഹസിച്ചു. ഇത്തവണ അവർക്ക് പുറത്തുപോകേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് ഫലം ഇൻഡ്യാ സഖ്യത്തിന് അനുകൂലമാകുമെന്നും ലാലു പറഞ്ഞു. ജംഗിൾ രാജ് പോലുള്ള ആരോപണങ്ങൾ ഉയർത്തി ഭയപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

webdesk13: