ബഹളം വെക്കേണ്ട, കഴുത്തിന് പിടിക്കും; വനിതാ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ്

പൊതുമധ്യത്തില്‍ വനിതാ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ ദിലീപ് ഘോഷ്. പശ്ചിമ ബംഗാളിലെ ഖരഗ്പൂരില്‍ റോഡ് ഉദ്ഘാടനത്തിനെത്തിയ ബിജെപി നേതാവ് സ്ത്രീകള്‍ക്കു നേരെ തട്ടിക്കയറുകയായിരുന്നു.

എം.പിയായിരുന്ന കാലത്ത് മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് പറഞ്ഞ് ചില വനിതകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതുവരെ നിങ്ങള്‍ എവിടെയായിരുന്നെന്നും എം.പിയായിരുന്ന കാലത്ത് ഞങ്ങള്‍ക്ക് ഒരുദിവസം പോലും കാണാനായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. വാര്‍ഡ് കൗണ്‍സിലര്‍ റോഡ് നിര്‍മിച്ചപ്പോഴാണ് നിങ്ങള്‍ ഇവിടെ വന്നതെന്നും പരിഹസിച്ചു.

അതേസമയം മമതാ ബാനര്‍ജിയുടെ അനുയായികളാണ് പ്രതിഷേധക്കാര്‍ എന്നുപറഞ്ഞ് പ്രതിഷേധത്തെ തള്ളിക്കളയുകയാണ് ദിലീപ് ചെയ്തത്.

താനാണ് തുക അനുവദിച്ചു തന്നതെന്നും ഇത് നിങ്ങളുടെ അച്ഛന്റെ പണമല്ലെന്നും ബിജെപി നേതാവ് തട്ടിക്കയറി. എന്നാല്‍ എന്തിനാണ് അച്ഛനെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും നിങ്ങളൊരു എം.പിയായിരുന്നില്ലെ എന്നും പ്തിഷേധക്കാരില്‍ ഒരാള്‍ ചോദിച്ചപ്പോള്‍ നിങ്ങളുടെ പതിനാല് തലമുറകളെ വരെ പറയുമെന്നാണ് ദിലീപ് ദേഷ്യത്തോടെ പറഞ്ഞത്. ഇതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. പിന്നാലെ ഇതുപോലെ ബഹളം വെക്കരുതെന്നും കഴുത്തിന് പിടിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയതോടെ ഖരഗ്പൂര്‍ ടൗണ്‍ സ്റ്റേഷനില്‍ നിന്നുള്ള ഒരു സംഘം പൊലീസുകാര്‍ സ്ഥലത്തെത്തുകയായിരുന്നു.

 

webdesk17:
whatsapp
line