X

‘കലക്ടറുടെ കുംമ്പസാരം കേള്‍ക്കണ്ട’, ലീവ് പോലും നല്‍കില്ല’; നവീന്‍ ബാബുവിന്റെ ബന്ധു

കണ്ണൂർ കലക്ടറുടെ കുമ്പസാരം തങ്ങൾക്ക് കേൾക്കേണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം. കലക്ടർ അരുൺ കെ. വിജയനെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയെന്നാണ് വിവരം. കലക്ടറുടെ കീഴിൽ കടുത്ത മാനസിക സമ്മർദം നവീൻ അനുഭവിച്ചിരുന്നതായാണ് കുടുംബത്തിന്റെ മൊഴി. പി.പി. ദിവ്യ ആരോപണം ഉന്നയിച്ചപ്പോൾ ഒരു വാക്കു പോലും കലക്ടർ മിണ്ടിയില്ല. നവീനെതിരായ പരാതി ആസൂത്രിതമായിരുന്നു. പ്രശാന്തന്റെ പരാതിയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കുടുംബാംഗങ്ങൾ മൊഴിയിൽ പറയുന്നു.

രണ്ടാഴ്ച മുൻപ് നവീൻ ബാബു നാട്ടിൽ വന്ന സമയത്ത് സംസാരിച്ചത് അനുസരിച്ച്  ജോലി സംബന്ധമായ സമ്മർദ്ദം നവീൻ ബാബു നേരിട്ടതായി മനസിലായിരുന്നു. ഒരു പരുവത്തിൽ ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്, വല്യ ബുദ്ധിമുട്ടാണ്, എങ്ങനെയെങ്കിലും ട്രാൻസ്ഫർ വാങ്ങി തിരികെ വരണം എന്ന് നവീൻ ബാബു വിശദമാക്കിയതായാണ് ബാലകൃഷ്ണൻ  പറയുന്നത്. ട്രാൻസ്ഫർ വാങ്ങി വരണമല്ലോയെന്ന് കരുതി ആരോടും മറുത്ത് സംസാരിക്കാതെ ഇരിക്കുകയാണെന്നും നവീൻ ബാബു പറഞ്ഞിരുന്നു. പല കാര്യങ്ങളും നിയമം വിട്ട് ചെയ്യാൻ നവീൻ ബാബുവിനെ ബുദ്ധിമുട്ടിച്ചതായി മനസിലാക്കിയിരുന്നു. എതിർത്ത് പറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്ന ഭയവും നവീനിന് ഉണ്ടായിരുന്നുവെന്നും ബന്ധു പറയുന്നു.

കലക്ടറുമായുള്ള ബന്ധം സൗഹാർദപരമല്ലെന്നുള്ള വിവരങ്ങൾ നവീൻ  കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നു. സംസ്കാര ചടങ്ങിൽ കണ്ണൂർ കലക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്‍റെ കാരണവും ഇതു തന്നെയാണ്. കണ്ണൂരിൽ നിന്നുള്ള അന്വേഷണസംഘമാണ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. വ്യാഴാഴ്ച നടന്ന മൊഴിയെടുക്കൽ അഞ്ചുമണിക്കൂർ നീണ്ടു. ഭാര്യ, രണ്ടു പെൺമക്കൾ, സഹോദരൻ എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.

webdesk14: