സി.പി.എം നേതാക്കളായ മാതാപിതാക്കള്‍ ഭരണസംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് സ്വന്തം മകളുടെ കുഞ്ഞിനെ ദത്തുകൊടുത്ത സംഭവം കെട്ടടങ്ങിയെന്ന് സമാധാനിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വിവാദങ്ങള്‍ക്കും സമര കോലാഹലങ്ങള്‍ക്കുമൊടുവില്‍ കുഞ്ഞിനെ പെറ്റമ്മയ്ക്ക് തിരികെ കിട്ടിയെങ്കിലും കണ്ണീര്‍ വറ്റാത്ത ക്രൂരതയായി എക്കാലവും അത് സി.പി.എമ്മിനെ വേട്ടയാടും. മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകയായ അനുപമയുടെ കൈയില്‍ കുട്ടിയെ തിരികെ ഏല്‍പ്പിച്ച് ഒളിച്ചോടാന്‍ സര്‍ക്കാര്‍ വിഫല ശ്രമം നടത്തുന്നുണ്ട്. പക്ഷെ, ദത്തുമായി ബന്ധത്ത് അനവധി ചോദ്യങ്ങള്‍ക്ക് സര്‍ക്കാറും പാര്‍ട്ടിയും മറുപടി പറയേണ്ടിവരും. മുഖ്യമന്ത്രി പിണറായി വിജയന്റെ പാര്‍ട്ടിയോടൊപ്പം ദത്ത് വിവാദത്തിലുള്‍പ്പെട്ട ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സി.ഡബ്ല്യു.സി)യും പ്രതിക്കൂട്ടില്‍നില്‍ക്കുകയാണ്. ഡി.എന്‍.എ പരിശോധനയില്‍ കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്റേതുമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഔദ്യോഗിക സംവിധാനങ്ങളുടെ ഒത്താശയോടെ നടന്ന വലിയൊരു തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. അമ്മ അറിയാതെ ആന്ധ്രയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ ദത്തു നല്‍കിയ ശിശുക്ഷേമ സമിതിയുടെ തലപ്പത്തിരിക്കുന്നവരുടെ ചരടുവലികള്‍ എത്രമാത്രം ഭീകരമായിരുന്നുവെന്ന് സംഭവം തെളിയിക്കുന്നുണ്ട്.
മനുഷ്യാവകാശ ലംഘനത്തോടൊപ്പം ആന്ധ്രയിലെ ദമ്പതികളെ ചതിച്ച് കണ്ണീരു കുടിപ്പിച്ചതിനും സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണം. നിസ്സാരമായി പരിഹാരിക്കാവുന്ന ഒരു പ്രശ്‌നത്തെ തെരുവിലേക്ക് വലിച്ചിഴച്ചതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് എന്ത് ന്യായീകരണങ്ങള്‍ എഴുന്നള്ളിച്ചാലും സര്‍ക്കാറിന് രക്ഷപ്പെടാനാവില്ല. രാഷ്ട്രീയ താല്‍പര്യങ്ങളോടെ പാര്‍ട്ടിക്കാരായ രക്ഷിതാക്കള്‍ക്കുവേണ്ടി സി.പി.എം ഒത്തുകളിച്ചതിന്റെ ഫലമാണ് നാറ്റക്കേസായി മാറിയിരിക്കുന്നത്. ആരോപണ വിധേയരായ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജെ.എസ് ഷിജുഖാനും സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ എന്‍ സുനന്ദയും സര്‍ക്കാറിന്റെ ചിറകിനുള്ളില്‍ തന്നെയാണ്. ഇരു ഏജന്‍സികള്‍ക്കും ഗുരുതര വീഴ്ചയുണ്ടായെന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിട്ടു പോലും തെറ്റ്് സമ്മതിക്കാന്‍ സര്‍ക്കാര്‍ തയാറല്ല. അനുപമ പരാതിയുമായി എത്തിയ ശേഷവും ദത്ത് സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളുമായി ശിശുക്ഷേമ സമിതി മുന്നോട്ടുപോയെന്നാണ് വനിതാ ശിശു വികസന വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്. ദത്ത് തടയാന്‍ സി.ഡബ്ല്യു.സി ഇടപെട്ടില്ലെന്നും പൊലീസിനെ അറിയിച്ചില്ലെന്നും അന്വേഷണത്തില്‍ ബോധ്യമായിരിക്കുന്നു. ശിശുക്ഷേമ സമിതി രജിസ്റ്ററില്‍ ഒരു ഭാഗം മായ്ച്ചുകളയുകയും ചെയ്തിട്ടുണ്ട്. ദത്തുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഓരോന്നും ക്രമക്കേടുകള്‍ നിറഞ്ഞതും അനുപമയില്‍നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുഞ്ഞ് ദത്ത് പോകുന്നതിന് മൂന്ന് മാസം മുമ്പ് വരെ ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. മാതാപിതാക്കളുടെ സിറ്റിങ് പോലും നടന്നിട്ടും സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ ദത്തിന് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. കുഞ്ഞിനെ കിട്ടിയെന്ന പത്രപരസ്യത്തിന് പിന്നാലെ പിതാവ് അജിത്ത് ശിശുക്ഷേമ സമിതിയില്‍ വന്നതിന്റെ രേഖ ചുരണ്ടി മാറ്റിയത് ഉന്നത ഇടപെടലിനെ തുടര്‍ന്നാണെന്ന് സമ്മതിക്കാതെ വയ്യ. കുഞ്ഞിനെ തട്ടിയെടുത്തെന്ന് കാണിച്ച് അനുപമ നല്‍കിയ പരാതി പേരൂര്‍ക്കട പൊലീസ് കണ്ടതായി ഭാവിച്ചതുമില്ല. കുഞ്ഞിനെ അനുപമയ്ക്ക് നല്‍കരുതെന്ന വാശിയോടെയാണ് സര്‍ക്കാരും സി.പി.എമ്മും പ്രവര്‍ത്തിച്ചതെന്നാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്. ശിശുക്ഷേമ സമിതിയെ വെള്ളപൂശാനും അവരുടെ കൈകള്‍ ശുദ്ധമാണെന്ന് വാദിക്കാനും കിട്ടിയ അവസരം ഒന്നുപോലും സര്‍ക്കാര്‍ പാഴാക്കിയിട്ടില്ല. ആരോഗ്യ മന്ത്രി വീണജോര്‍ജും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ശിശുക്ഷേമ സമിതിക്ക് തെറ്റുപറ്റിയിട്ടില്ലെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. പരാതി പറഞ്ഞ അനുമപയോട് നാഗപ്പന്‍ അപമര്യാദയായി പെരുമാറിയെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ദത്ത് നടപടികള്‍ നിയപരമാണെന്ന് മന്ത്രിയും പാര്‍ട്ടിയും നിരന്തരം വാദിച്ചുനോക്കി. ഇത്രയും കാലം ശിശുക്ഷേമ സമിതിയെ ന്യായീകരിച്ചു നടന്ന സര്‍ക്കാര്‍ തന്നെയാണ് സംഭവത്തിലെ ഒന്നാം പ്രതി. പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലാണ് കുഞ്ഞിനെ അനുപമയ്ക്ക് തിരികെ ലഭിക്കുന്ന സാഹചര്യമുണ്ടാക്കിയത്. അനുപമയുടെ പാര്‍ട്ടിക്കാരായ മാതാപിതാക്കളുടെ സ്വര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ദമ്പതികളെക്കൂടി ബലിയാടാക്കുകയായിരുന്നു. അധാര്‍മികവും നിയമവിരുദ്ധവുമായ ഇത്തരമൊരു നീക്കത്തിന് കേരളം ഭരിക്കുന്ന ഒരു പാര്‍ട്ടി കൂട്ടുനിന്നുവെന്നത് സംസ്ഥാനത്തിനുണ്ടാക്കിയ മാനഹാനി ചെറുതല്ല. ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് ദത്ത് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സജീവമായി അന്വേഷിക്കേണ്ടതുണ്ട്.