ഓം പ്രകാശ് ആരാണെന്ന് അറിയില്ലെന്നും വാര്‍ത്ത വന്നതിന് ശേഷമാണ് ഓംപ്രകാശിനെ കുറിച്ച് ഗൂഗിള്‍ ചെയ്ത് മനസിലാക്കിയതെന്നും നടി പ്രയാഗ മാര്‍ട്ടിന്‍. ഹോട്ടലില്‍ പോയത് സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു. പ്രയാഗ മാര്‍ട്ടിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ കാണുന്നുണ്ടെന്നും അതില്‍ സത്യമില്ലെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു.
ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് പ്രയാഗ മാര്‍ട്ടിന്‍ ഹാജരായത്. എസിപി രാജ്കുമാര്‍ ചോദ്യം ചെയ്യാന്‍ എത്തിച്ചേര്‍ന്നു. നടന്‍ സാബു മോനും പ്രയാഗയ്ക്കൊപ്പം എസിപി ഓഫീസിലെത്തിയിരുന്നു. പ്രയാഗയ്ക്ക് നിയമ സഹായം ചെയ്യാന്‍ വേണ്ടിയാണ് വന്നതെന്ന് സാബു മോന്‍ പറഞ്ഞു.
അതേസമയം അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥ് ഭാസി എസിപി ഓഫീസില്‍ നിന്ന് മടങ്ങിയിരുന്നു. സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ഓം പ്രകാശിനെ അറിയില്ലെന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കി.
നേരത്തെ ഓംപ്രകാശിനെ കൊച്ചിയിലെ ആഢംബര ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നുവെന്നും ലഹരി പാര്‍ട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ തന്നെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.