ചണ്ഡീഗഡ്: ഉയര്‍ന്ന ശമ്പളത്തില്‍ 16കാരന് ജോലി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച ഗൂഗിള്‍. ചണ്ഡീഗഡ് സ്വദേശിയായ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹര്‍ഷിത് ശര്‍മ്മക്കാണ് ഗൂഗിളില്‍ ജോലി ലഭിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. വാര്‍ഷിക ശമ്പളമായി 1.44 കോടി രൂപ ഗൂഗിള്‍ വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്നും ഇത്തരമൊരു നിയമനം നടന്നതായി തങ്ങള്‍ക്കു പോലും അറിവില്ലെന്നും ഗൂഗിള്‍ വക്താവ് പറഞ്ഞു. പ്രചാരണം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഗൂഗിള്‍ വക്താവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ചണ്ഡിഗഡ് ഗവ.മോഡല്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു ഹര്‍ഷിത് ശര്‍മ്മ. സംഭവത്തെക്കുറിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്ദ്ര ബെനിവല്‍ പറഞ്ഞത് ഇങ്ങനെ: ‘സ്‌കൂളില്‍ ഈ വര്‍ഷം പാസൗട്ടായ വിദ്യാര്‍ത്ഥിയാണ് ഹര്‍ഷിത് ശര്‍മ. തനിക്ക് ഗൂഗുളില്‍ ജോലി ലഭിച്ചതായി വിദ്യാര്‍ത്ഥി നേരിട്ടെത്തി അറിയിക്കുകയായിരുന്നു. നിയമന ഉത്തരവ് വാട്‌സ്ആപ്പ് വഴി ഹര്‍ഷിത് തനിക്ക് അയച്ചു തരികയും ചെയ്തു. എന്നാല്‍ അബദ്ധത്തില്‍ ആ രേഖ തന്റെ കൈയില്‍ നിന്ന് ഡിലീറ്റ് ആയി പോയി. നിയമന ഉത്തരവ് ഫോണില്‍ നിന്ന് വീണ്ടെടുക്കാനുള്ള ശ്രമം നടത്തിവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവില്ല.’
ഈ മാസം തന്നെ ഹര്‍ഷിത് അമേരിക്കയിലെ ഗൂഗിള്‍ ആസ്ഥാനത്ത് ജോലിയില്‍ പ്രവേശിപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രചരിച്ച റിപ്പോര്‍ട്ടുകളില്‍ പറഞ്ഞത്. ഗ്രാഫിക് ഡിസൈനിങ് വിഭാഗത്തിലാണ് നിയമനമെന്നായിരുന്നു റിപോര്‍ട്ട്. ഒരു വര്‍ഷത്തെ പരിശീലന കാലയളവില്‍ പ്രതിമാസം നാലു ലക്ഷം രൂപ വീതം സ്റ്റൈപ്പന്റ് ലഭിക്കും. ഇത് പൂര്‍ത്തിയായാല്‍ പ്രതിമാസ ശമ്പളം 12 ലക്ഷമാക്കി ഉയര്‍ത്തുമെന്നും ഗൂഗിള്‍ അറിയിച്ചതായി വാര്‍ത്തകളില്‍ പറഞ്ഞിരുന്നു.