X

കൊല്ലരുത് കരിപ്പൂരിനെയും-എഡിറ്റോറിയല്‍

സ്വാതന്ത്ര്യാനന്തരം രാജ്യവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണകൂടങ്ങളും നേടിയെടുത്തതും മുതല്‍കൂട്ടിയതുമായ പൊതുമേഖലയെ അപ്പാടെ ആക്രി വിലയ്ക്ക് വിറ്റുതുലയ്ക്കാനുള്ള തകൃതിയായ യത്‌നത്തിലാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍. മോണിറ്റൈസേഷന്‍ എന്ന ഓമനപ്പേരിലാണ് രാജ്യത്തിന്‌മേല്‍ വലിയ ഭാരം വെച്ചുകൊണ്ട് മേദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രമുഖ പൊതുമേഖലാസ്ഥാപനങ്ങളെ മാത്രമല്ല, ജനങ്ങള്‍ നിത്യവും ഗതാഗതത്തിനായി ആശ്രയിക്കുന്ന അവശ്യസ്ഥാപനങ്ങളെയും സംവിധാനങ്ങളെയും പോലും തങ്ങളുടെ സാമ്പത്തിക മേലാളന്മാര്‍ക്ക് വിറ്റുകൊണ്ടിരിക്കുകയാണ് ഭരണകൂടം.

അതിലൊന്നാണ് വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ പദ്ധതി. രാജ്യത്തെ ഡസനോളം വിമാനത്താവളങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് കൈമാറാനുള്ള നടപടികള്‍ ആരംഭിക്കുകയും അതില്‍ ചിലത് പ്രയോഗത്തില്‍ വരുത്തുകയും ചെയ്തു. കേരളത്തിലെ ആദ്യ വിമാനത്താവളമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇതിലൊന്നാണ്. മോദിയുടെ നാട്ടുകാരനായ അദാനിയുടെ ഗ്രൂപ്പിനാണ് വിമാനത്താവളം കൈമാറിയത്. തൊട്ടടുത്ത് വിഴിഞ്ഞം തുറമുഖവും ഇതിനകം നിര്‍മാണത്തിനായി കൈമാറി. ഇതുപോലെയൊന്നാണ് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ കരിപ്പൂര്‍ വിമാനത്താവളത്തിലും നാം കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ നാലു വിമാനത്താവളങ്ങളിലൊന്നായ കരിപ്പൂര്‍ വിമാനത്താവളം വരുമാന നിരക്കില്‍ രാജ്യത്തെ ഏഴാമത്തെ വലിയ വിമാനത്താവളമാണ്. മലയാളികളുടെ, പ്രത്യേകിച്ച് മലബാറിലെ പാവപ്പെട്ട പ്രവാസികളുടെയും മറ്റും സൗകര്യത്തിനായി നിര്‍മിച്ച പദ്ധതി ഇന്ന് ആശങ്കയുടെ ചിറകുകളുമായാണ് സഞ്ചരിക്കുന്നത്. തുടക്കംമുതല്‍തന്നെ വിമാനത്താവളത്തോട് ചിലര്‍ക്കുണ്ടായിരുന്ന വിരോധമനോഭാവം ഇപ്പോള്‍ അതിന്റെ മകുടോവസ്ഥയിലെത്തിയിരിക്കുന്നു.

1998ല്‍ നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്യപ്പെട്ട വിമാനത്താവളത്തിന് ഇന്ന് വികസനസാധ്യതകള്‍ വലിയ തോതിലുണ്ടായിട്ടും അതൊന്നും കാര്യമായി ഗണിക്കാത്ത അധികാരികളാണ് നമുക്കുള്ളത്. റണ്‍വേ നീളം കൂട്ടാനെന്നു പറഞ്ഞ് വലിയ വിമാനങ്ങള്‍ നിര്‍ത്തിവെച്ച് നാലുവര്‍ഷത്തിനുശേഷം പുനരാരംഭിച്ച വൈഡ്‌ബോഡി വിമാനങ്ങള്‍ നിലച്ചിട്ട് വീണ്ടും ഒരു വര്‍ഷം പിന്നിട്ടു. 2020 ഓഗസ്റ്റിലുണ്ടായ അപകടമാണ് ഇതിന് കാരണമായി പറഞ്ഞത്. അപകടം സംബന്ധിച്ച വിദഗ്ധാന്വേഷണത്തിലൊന്നും റണ്‍വേയുടെ നീളക്കുറവല്ല അപകടകാരണമെന്ന് വ്യക്തമായതാണ്. ഇപ്പോള്‍ പറയുന്നത് റിസ (സുരക്ഷിത റണ്‍വേ) യുടെ നീളം കൂട്ടാനായി റണ്‍വേയുടെ നീളം കുറക്കണമെന്നാണ്. ഇതോടെ നീളം 300 മീറ്റര്‍ കുറയും. ഇതുവെച്ച് വലിയ വിമാനങ്ങള്‍ വീണ്ടും വരാതിരിക്കാനുള്ള വാദമൊരുക്കുകയും ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ വ്യോമയാനവകുപ്പിന് കീഴിലുള്ള കേരളത്തിലെ ഏകവിമാനത്താവളമാണിത്. രാജ്യത്തെ പ്രമുഖ മുസ്്‌ലിം വാസപ്രദേശമായ ഇവിടെ ഹജ്ജ്് എംബാര്‍ക്കേഷന്‍ ഉള്‍പ്പെടെ നിലച്ചിട്ട് വര്‍ഷങ്ങളായി. ഇത് പുനരാരംഭിക്കുന്നതിനും നടപടിയില്ല. ഇതിനിടെയാണ് സ്വകാര്യ വ്യക്തിക്ക് താവളം കൈമാറാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ അരങ്ങേറുന്നത്. അടുത്ത വര്‍ഷ ത്തോടെ ഇത് സാധ്യമാകണമെങ്കില്‍ കുറ്റങ്ങളും കുറവുകളും അതേപടി നിലനിന്നേ മതിയാകൂ. ചെറിയ വിമാനങ്ങള്‍ മാത്രമാകുന്നതോടെ യാത്രക്കാര്‍ മറ്റു വിമാനത്താവളം തേടിപ്പോകും. നിലവില്‍തന്നെ കാര്‍ഗോ സര്‍വീസ് ഏതാണ്ട്‌നിലച്ച മട്ടാണ്. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെതിരെ അടുത്ത കാലത്ത് വിമാനത്താവളത്തില്‍ പണിമുടക്കുണ്ടായി.

ജനാധിപത്യ രാജ്യത്തില്‍ സാധാരണക്കാരെ മറന്നുകൊണ്ടുള്ള ഈ കുടില നീക്കങ്ങള്‍ക്കെതിരെ മലബാര്‍ മേഖലയിലെ പ്രത്യേകിച്ചും കരിപ്പൂരിനെ ആശ്രയിക്കുന്ന കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ ജനതയും മുസ്്‌ലിംലീഗും സാമൂഹിക സംഘടനകളും രംഗത്തുവന്നിട്ടും അതൊന്നും ബാധകമല്ലെന്ന മട്ടിലാണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യയും സര്‍ക്കാരും. വിമാനത്താവളം നഷ്ടത്തിലാണെന്ന പല്ലവി ആവര്‍ത്തിച്ച് ഭൂമിയേറ്റെടുക്കാതെ കേന്ദ്രത്തിനും സ്വകാര്യമേഖലക്കും വഴിയൊരുക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും. വിമാനത്താവളത്തിനായി ഭൂമി നല്‍കിയ നാട്ടുകാരാണ് പെട്ടെന്നൊരുനാള്‍ സ്വകാര്യ കമ്പനിയുടെ താല്‍പര്യപ്രകാരം വഴിയാധാരമായത്. സ്വകാര്യവത്കരണം തീര്‍ത്തും എതിര്‍ക്കപ്പെടണമെന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാമാന്യജനത്തിന് അടിയന്തരമായി ഉപയോഗയോഗ്യമാകേണ്ട സേവനങ്ങളില്‍ സ്വകാര്യമേഖലയെ വേണ്ട എന്നുതന്നെയാണ് രാജ്യത്തിന്റെ എക്കാലത്തെയും പ്രഖ്യാപിതനയം. സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ പൊതുമേഖലയെമാത്രം ആശ്രയിക്കുകയും പാശ്ചാത്യ മുതലാളിത്തരാജ്യങ്ങള്‍ സ്വകാര്യമേഖലയെ വരിക്കുകയും ചെയ്തപ്പോള്‍ രണ്ടിനെയും സ്വായത്തമാക്കി സന്തുലിത വികസനം കൈവരിച്ച നെഹ്‌റുവിയന്‍ കാഴ്ചപ്പാടാണ് നമുക്ക് ഇക്കാര്യത്തില്‍ വേണ്ടത്. ഇതിനുപുറമെയാണ് മോദി സര്‍ക്കാരിന്റെ പ്രത്യേകമായ ചില ദുരുദ്ദേശ്യങ്ങളും കരിപ്പൂരിന്റെ ചിറകിനടിയിലൊളിപ്പിച്ചിരിക്കുന്നത്.

Test User: