കൊച്ചി: സ്ത്രീകളെ ധരിച്ചിരിക്കുന്ന വസ്ത്രത്തെ മുന്‍നിര്‍ത്തി വിലയിരുത്തരുതെന്ന് കേരള ഹൈക്കോടതി. ഇത് പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഇത്തരത്തില്‍ സ്ത്രീകളെ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹിക വീക്ഷണത്തിന്റെ ഫലമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് പരാമര്‍ശം.
മാവേലിക്കര കുടുംബ കോടതി ഉത്തരവിനെതിരെ യുവതി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ധരിക്കുന്ന വസ്ത്രം ഉള്‍പ്പെടെ കണക്കിലെടുത്ത് യുവതിക്ക് കുട്ടികളുടെ കസ്റ്റഡി കുടുംബകോടതി നിഷേധിച്ചിരുന്നു. ഇതിനെതിരായാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ ഏത് തരം വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്നും അത് കോടതിയുടെ മോറല്‍ പൊലീസിങ്ങിന് വിധേയമാക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ആഘോഷിച്ചതിനെയും മാവേലിക്കര കുടുംബ കോടതി കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, വിവാഹ മോചനം നേടുന്നവര്‍ സങ്കടപ്പെട്ട് കഴിയണമെന്ന കോടതിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിധിന്യായങ്ങളില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഉണ്ടാവരുതെന്നും കോടതി വ്യക്തമാക്കി.