സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍. പുരസ്‌കാരമായി നല്‍കുന്ന ശില്‍പം മാറ്റണമെന്നും പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു.
ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. ആണ്‍കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു.
സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തുക വര്‍ധിപ്പിക്കണം. 25000 രൂപ നല്‍കി അപമാനിക്കരുത് എന്നും അലന്‍സിയര്‍ അഭിപ്രായപ്പെട്ടു.
സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലന്‍സിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.