X

കുട്ടികളില്‍ രാഷ്ട്രീയം കുത്തിവെക്കേണ്ട; ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി’-നവകേരള സദസ്സില്‍ ഹൈക്കോടതി

നവകേരള സദസ്സില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ സര്‍ക്കാരിനു മുന്നറിയിപ്പുമായി ഹൈക്കോടതി. കോടതി ഉത്തരവുണ്ടായിട്ടും വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചത് ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹരജി പരിഗണിച്ചത്. കുഞ്ഞുമനസുകളില്‍ രാഷ്ട്രീയം കുത്തിവെക്കേണ്ടെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികള്‍ വ്യക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹരജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് നല്‍കിയ ഉപഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം. കുട്ടികളെ പങ്കെടുപ്പികണമെന്ന ഉത്തരവ് പിന്‍വലിച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചതിന് ശേഷവും മലപ്പുറത്ത് വിദ്യാര്‍ഥികളെ അണിനിരത്തിയെന്നാണ് പരാതി. ഇക്കാര്യത്തില്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

നവകേരള സദസ്സില്‍ വിദ്യാര്‍ഥികളെ എത്തിക്കാനുള്ള ശ്രമം വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളെ നവകേരള സദസ്സില്‍ പങ്കെടുപ്പിക്കരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

അക്കാദമിക് കരിക്കുലത്തില്‍ ഇല്ലാത്ത കാര്യങ്ങളില്‍ ഉത്തരവിടാന്‍ സര്‍ക്കാരിന് അധികാരമില്ല. വിദ്യാര്‍ത്ഥികള്‍ നാടിന്റെ സമ്പത്താണ്. അവരെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി.

 

 

webdesk13: