വാഷിങ്ടണ്‍: അമേരിക്കയില്‍ മുസ്‌ലിംകള്‍ക്കും ആഫ്രിക്കന്‍ വംശജര്‍ക്കും ലാറ്റിനോകള്‍ക്കും കുടിയേറ്റക്കാര്‍ക്കും എതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ ദുഃഖമുണ്ടെന്ന് നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ‘അത്തരം വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്നതില്‍ ദുഃഖമുണ്ട്. നിര്‍ത്തൂ എന്നാണെനിക്ക് പറയാനുള്ളത്.’ ട്രംപ് പറഞ്ഞു. തന്റെ പേരില്‍ അക്രമം നടത്തരുതെന്നും അമേരിക്കയിലെ എല്ലാവിഭാഗം ജനങ്ങളെയും ഒരുമിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ’60 മിനുട്ട്‌സി’നു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കും ആഫ്രോ അമേരിക്കക്കാര്‍ക്കുമെതിരെ പ്രചരണം നടത്തി അധികാരത്തിലെത്തിയ ട്രംപ്, രാജ്യത്തെ ഒന്നിച്ചു നിര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് വിജയ പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന 30 ലക്ഷം അഭയാര്‍ത്ഥികളെ പുറത്താക്കുമെന്ന് കഴിഞ്ഞ ദിവസം സി.ബി.എസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു.
അതിനിടെ, തന്റെ പ്രചരണ നയങ്ങളെ സാധൂകരിക്കുന്ന വിധമുള്ള നിയമനങ്ങളാണ് ട്രംപ് നടത്തിയിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജി.ഒ.പി തലവന്‍ റീന്‍സ് പ്രീബസിനെ ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിച്ചപ്പോള്‍ തീവ്ര വലതുപക്ഷ വാര്‍ത്താ ഏജന്‍സിയായ ബ്രീത്ബാര്‍ട്ട് ന്യൂസിന്റെ സ്റ്റീഫ് ബാനനെ ഉപദേഷ്ടാവായും നിയമിച്ചു. വെള്ളക്കാരുടെ ആധിപത്യത്തിനു വേണ്ടി ശക്തമായി വാദിക്കുന്ന സ്റ്റീഫ് ബാനന്‍ കടുത്ത വംശീയവാദി എന്ന നിലയില്‍ കുപ്രസിദ്ധി നേടിയ ആളാണ്.