സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം യുവജന പ്രസ്ഥാനങ്ങളില്‍നിന്ന് ശക്തമായ എതിര്‍പ്പിന് ഇടയാക്കിയിരിക്കുകയാണ്. പ്രതിപക്ഷ കക്ഷിയില്‍പെട്ട യുവജന സംഘടനകള്‍ മാത്രമല്ല, ഭരണകക്ഷിയില്‍പെട്ടവര്‍കൂടി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പൊതുമേഖലാസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതാക്കിയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. നിലവില്‍ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെന്‍ഷന്‍ പ്രായമായിരുന്നു. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്റെ നടപടി. വിരമിച്ചവര്‍ക്ക് ഉത്തരവ് ബാധകമായിരിക്കില്ല. കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി ഒഴികെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായമാണ് ഏകീകരിച്ചത്. റിയാബ് തലവന്‍ ചെയര്‍മാനായി 2017ല്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഏപ്രില്‍ 22ന് മന്ത്രിസഭായോഗം പരിഗണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 122 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ആറു ധനകാര്യ കോര്‍പറേഷനുകള്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. ഏതാണ്ട് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
അഭ്യസ്ത വിദ്യരായ യുവാക്കളുടെ ഏറ്റവും വലിയ തൊഴിലില്ലാപ്പട നിലനില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. തൊഴിലില്ലായ്മ പട്ടികയില്‍ കേരളം (13.2 ശതമാനം) മൂന്നാമതാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു. രാജ്യമാകെയുള്ള ശരാശരി നിരക്ക് 8.2 ശതമാനമാണ്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് യുവതി-യുവാക്കളെത്തന്നെയാണ്. സര്‍ക്കാര്‍ ജോലി എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുവതയുടെ അവസര നിഷേധമായി പെര്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ ഹേതുവായിത്തീരും. ഉദ്യോഗാര്‍ത്ഥികളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്നതുകൊണ്ട് യുവജന സംഘടനകളെല്ലാം പെന്‍ഷന്‍ പ്രായം കൂട്ടുന്നതിന് എതിരാണ്. മാത്രമല്ല ഇടതു സര്‍ക്കാറിന്റെ ചുവടുമാറ്റമായാണ് ഇതിനെ കാണേണ്ടത്. പെന്‍ഷന്‍ പ്രായത്തില്‍ തൊടില്ല എന്ന നിലപാടായിരുന്നു തുടക്കംമുതല്‍ ഇടതുസര്‍ക്കാറിന്റേത്. എന്നാലിപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപതോ അതിനു മുകളിലോ ആക്കാന്‍ അവരസം നോക്കിയിരിക്കുകയായിരുന്നു സര്‍ക്കാര്‍. പൊതുമേഖലാസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് സര്‍ക്കാറിന്റെ ടെസ്റ്റ്‌ഡോസായി വേണം കണക്കാക്കാന്‍. വലിയ പ്രതിഷേധങ്ങളില്ലെങ്കില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ വ്യാപകമാക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
തൊഴിലില്ലാത്ത യുവജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് ഇടതുസര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നത്. ഒന്നാം പിണറായി സര്‍ക്കാറിന്റെ അവസാന നാളുകളില്‍ നാമത് അനുഭവിച്ചറിഞ്ഞതാണ്. മിടുക്കരായ ഉദ്യോഗാര്‍ത്ഥികളെ അവഗണിച്ച് വിവിധ വകുപ്പുകളില്‍ സി.പി.എമ്മുകാരെ പിന്‍വാതിലിലൂടെ തിരുകികയറ്റുന്നനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാസങ്ങളോളം സമരരംഗത്തിറങ്ങേണ്ടി വന്നു. പി.എസ്.സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി, താല്‍ക്കാലിക നിയമനം ലഭിച്ചവരെ പിന്‍വാതിലിലൂടെ നിയമിക്കുന്നതിനെതിരെയാണ് പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം നടത്തിയത്. ശയനപ്രദക്ഷിണം നടത്തിയും കണ്ണുകെട്ടി മുട്ടിലിഴഞ്ഞും തല മുണ്ഡനം ചെയ്തും മീന്‍ വിറ്റും ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം അരങ്ങേറി. അപ്പോഴെല്ലാം ഉദ്യോഗാര്‍ത്ഥികളോട് നിഷേധാത്മക സമീപനമായിരുന്നു ഇടതുസര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.
നിലവിലുള്ള തൊഴിലില്ലായ്മക്കുപുറമെ ലക്ഷക്കണക്കിന് പ്രവാസികളാണ് തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തില്‍ തിരിച്ചെത്തിയത്. കോവിഡ് പ്രതിസന്ധി മൂലം പ്രവാസികള്‍ തിരിച്ചുവരേണ്ടിവന്നതും പരിഗണിക്കപ്പെടേണ്ട പ്രശ്‌നം തന്നെയാണ്. ഇവര്‍ വിദേശത്തു ജോലി ചെയ്ത് സംസ്ഥാനത്തേക്ക് പണമയക്കുന്നതു നിലച്ചുവെന്നു മാത്രമല്ല അവരില്‍ ജോലി നഷ്ടപ്പെടാത്തവര്‍ക്കു തിരിച്ചുപോകാന്‍ കഴിയാത്ത അവസ്ഥയുമുണ്ടായിട്ടുണ്ട്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണ് കേരളം. കിട്ടുന്നിടത്തുനിന്നെല്ലാം വായ്പയെടുത്ത് ധൂര്‍ത്ത് നടത്തുകയാണ് ഭരണകൂടം. സംസ്ഥാനത്തിന്റെ കടബാധ്യത കുറക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ യാതൊരു പദ്ധതിയുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കടം വാങ്ങുന്ന തുകയില്‍ ഭൂരിഭാഗവും ശമ്പളത്തിനും പെന്‍ഷനുമായാണ് ചെലവഴിക്കുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് പി.എസ്.സി നിയമനം കാര്യക്ഷമമാക്കി യുവാക്കളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിച്ച് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക എന്നതാണ് ഉചിതമായ തീരുമാനം. ഒപ്പം, സ്വയം തൊഴില്‍ കണ്ടെത്താനും നിക്ഷേപകരെ ആകര്‍ഷിക്കാനും പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ വരുന്നവരെ സംരക്ഷിക്കാനും നടപടിയുണ്ടാകണം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമ്പോള്‍ തൊഴിലില്ലാത്ത ലക്ഷോപലക്ഷത്തെ മറന്നുപോകാന്‍ പാടില്ല എന്നുകൂടി ഉണര്‍ത്തട്ടെ.