X

പഠിച്ച പാഠങ്ങള്‍ മറക്കരുത്, കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കും: മുഖ്യമന്ത്രി

മറ്റു രാജ്യങ്ങളില്‍ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കേസുകള്‍ കുറവാണെങ്കിലും രോഗം ബാധിക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കുന്ന നിലയുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡില്‍ പഠിച്ച പാഠങ്ങള്‍ വീണ്ടും ശീലമാക്കണമെന്നും പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുതെന്നും ലക്ഷണം ഉള്ളവരുമായി അടുത്തിടപഴകരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

അതിനിടെ ചൈനയില്‍ നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. കോവിഡ് ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ഗുജറാത്തിലെ രണ്ട് രോഗികള്‍ക്കും ഒഡീഷയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന തുടങ്ങി. അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മണ്‍സൂക്ക് മാണ്ഡവ്യ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അറിയിച്ചു. മുന്‍കരുതല്‍ ഡോസ് സ്വീകരിക്കാന്‍ വൈകരുത്, പൊതു ഇടങ്ങളിലും ആള്‍ക്കൂട്ടമുള്ള ഇടങ്ങളിലും മാസ്‌ക് ധരിക്കണം ഇതുവരെ 28 ശതമാനം പേര്‍ മാത്രമാണ് മുന്‍കരുതല്‍ ഡോസ് സ്വീകരിച്ചതെന്നും മുതിര്‍ന്ന പൗരന്മാര്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും യോഗം വിലയിരുത്തി.

ചൈനയിലെ കോവിഡ് ബാധിതരില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ ആരോഗ്യ വിദഗ്ധരടക്കം യോഗം ചേര്‍ന്നത്.

Test User: