തര്‍ക്ക മന്ദിരങ്ങളെ മസ്ജിദ് എന്ന് വിളിക്കരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആജ് തക്ക് ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പ്രസ്താവന. സംഭാൽ ജമാ മസ്ജിദിന് താഴെ ക്ഷേത്രമുണ്ടായിരുന്നതിന് ചരിത്രപരമോ, വിശ്വാസപരമോ ആയ തെളിവുണ്ടെങ്കിൽ അത് വിട്ടു നൽകാൻ തയാറാകണം. കോടതി ഇടപെടലിന് കാത്ത് നിൽക്കരുതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
“വിഷ്ണുവിന്റെ പത്താമത്തെ അവതാരം ജന്മമെടുക്കുക സംഭാലിൽ ആണെന്ന് ഹിന്ദു മത വിശ്വാസികൾ കരുതുന്നു. ഇതേക്കുറിച്ച് 5000 വർഷം മുമ്പ് എഴുതപ്പെട്ട പുരാണങ്ങളിൽ പരാമർശമുണ്ട്. അക്കാലത്ത് ഇസ്‍ലാം മതം നിലവിലുണ്ടായിരുന്നില്ല.”
വിഷ്ണു ക്ഷേത്രം പൊളിച്ചുമാറ്റിയാണ് മസ്ജിദ് നിർമിച്ചതെന്ന് ഐൻ-ഇ-അക്ബരിയിൽ പരാമർശിക്കുന്നുണ്ടെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.
ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലാണ്. വിശ്വാസം ബഹുമാനിക്കപ്പെടുമെന്ന് ആത്മവിശ്വാസമുണ്ടെന്നും യോഗി ആദിത്യനാഥ് പ്രതികരിച്ചു.