X

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിമയാകരുത്-എഡിറ്റോറിയല്‍

തിരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്ര സര്‍ക്കാര്‍ സ്വാധീനിക്കുന്നുവെന്ന ആരോപണത്തെ ശരിവെക്കുന്ന രൂപത്തിലായിരുന്നു ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനം. ഹിമാചല്‍പ്രദേശിനോടൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ ഗുജറാത്തില്‍ വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോയത് ബി. ജെ.പിയെ സഹായിക്കാനാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ മറുപടിയില്‍ രാഷ്ട്രീയം മുഴച്ചുനില്‍ക്കുന്നുണ്ടായിരുന്നു. കളിയില്‍ തോറ്റ ടീം അമ്പയറെ കുറ്റം പറയുന്നതുപോലെയാണ് അതെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് തറ രാഷ്ട്രീയ നിലവാരം പോലുമില്ല. അരുണ്‍ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷറായി നിയമിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങളും സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങളും രാജീവ്കുമാറിന്റെ മറുപടിയുമായി ചേര്‍ത്തുവായിക്കുമ്പോള്‍ എന്തൊക്കെയോ ചിലത് കരിഞ്ഞു മണക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ ചട്ടുകമായി അധ:പതിക്കാതെ സ്വതന്ത്ര സ്വഭാവം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത സുപ്രീംകോടതി എടുത്തുപറഞ്ഞിരിക്കുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയശേഷം ഔദ്യോഗിക സംവിധാനങ്ങള്‍ പച്ചയായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. അതൊരു പുതുമയില്ലാത്ത പതിവ് കാഴ്ചയായി മാറിയിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷനും മൂക്കുകയറിടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അരുണ്‍ഗോയലിനെ ധൃതിപിടിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിന്റെ യുക്തിയും ന്യായവും ചോദ്യംചെയ്യപ്പെടുന്നതും അത്തരമൊരു പശ്ചാത്തലത്തിലാണ്.

പഞ്ചാബ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയലിന് സര്‍വീസില്‍നിന്നും സ്വയം വിരമിക്കാന്‍ അനുമതി നല്‍കിയതിന്‌ശേഷം പിറ്റേന്ന് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. മൂന്നംഗ കമ്മീഷനില്‍ മെയ് 15 മുതലുള്ള ഒഴിവിലേക്കാണ് നിയമനം. സാധാരണഗതിയില്‍ വിരമിച്ച ഉദ്യോഗസ്ഥരെയാണ് കമ്മീഷണറായി നിയമിക്കാറുള്ളത്. ഗോയലിന്റെ നിയമനത്തില്‍ അത്തരമൊരു കീഴ്‌വഴക്കം പാലിച്ചില്ലെന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സുപ്രീംകോടതി ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും അടങ്ങിയ സ്വതന്ത്രവും നിഷ്പക്ഷവുമായ കൊളീജിയത്തിന് വിടണമെന്ന ഹര്‍ജി സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിക്കുന്ന ഘട്ടത്തില്‍ കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഗോയലിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിനെതിരെ സുപ്രീംകോടതിക്ക് കടുത്ത ഭാഷയില്‍ പ്രതികരിക്കേണ്ടിവന്നത് അസ്വാഭാവികത പ്രകടമായതുകൊണ്ടാണ്.

ഗോയലിന്റെ നിയമനത്തിന് പിന്നില്‍ എന്തെങ്കിലും ദുരുദ്ദേശ്യമുണ്ടോ എന്ന് കോടതി കേന്ദ്ര സര്‍ക്കാറിനോട് വളച്ചുകെട്ടില്ലാതെതന്നെ ചോദിച്ചിട്ടുണ്ട്. കോടതിയുടെ നിരീക്ഷണങ്ങള്‍ ഏറെ ഗൗരവമര്‍ഹിക്കുന്നവയാണ്. ഭരണഘടനയുടെ ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമലില്‍ ഉള്ളത്. അധികാരങ്ങള്‍ പ്രയോഗിക്കാതെ കാഴ്ചക്കാരനായി നില്‍ക്കുകയും ഭരിക്കുന്ന പാര്‍ട്ടിയുടെ അടിമയായി അധ:പതിക്കുകയും ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര സ്വഭാവത്തിന് ചേര്‍ന്നതല്ല. ആവശ്യമെങ്കില്‍ പ്രധാനമന്ത്രിക്കെതിരെ പോലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നടപടിയെടുക്കേണ്ടിവരുമെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചിരിക്കുന്നു. സ്വന്തം ജീവന്‍ അപകടത്തിലാണെങ്കില്‍പോലും കമ്മീഷണര്‍ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യരുത്. രാഷ്ട്രീയക്കാരന്റെ അല്ലെങ്കില്‍ മേലധികാരിയുടെ പ്രവൃത്തികള്‍ക്ക് യെസ് മൂളിക്കൊടുക്കുന്ന ഒരാളായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒരാളും വേണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലയും വിലയും എന്താണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തിയത് ടി.എന്‍ ശേഷനായിരുന്നു. അദ്ദേഹത്തിന് ശേഷം അങ്ങനെയൊരാളെ ഇന്ത്യക്ക് കിട്ടിയിട്ടില്ല. തിരഞ്ഞെടുപ്പ് രംഗത്ത് വിപുലമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നതോടൊപ്പം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരാണെന്നും അദ്ദേഹം തെളിയിച്ചു. ശേഷനെപ്പോലെ ഒരാള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും മുന്നോട്ടുപോകാനും സാധിച്ചത് അന്നത്തെ രാഷ്ട്രീയ അന്തരീക്ഷമായിരുന്നു. കോണ്‍ഗ്രസ് ഭരണത്തിലിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ തലയിടാന്‍ ഒരുഘട്ടത്തില്‍ പോലും ശ്രമിച്ചിരുന്നില്ല. ഇപ്പോള്‍ അതല്ല സ്ഥിതി. വോട്ടെടുപ്പില്‍ തന്നെ രാജ്യത്തിന് വിശ്വാസ്യത നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. വരും കാലത്ത് ഇന്ത്യക്ക് തിരഞ്ഞെടുപ്പ് തന്നെ ആവശ്യമുണ്ടോ എന്ന് ബി.ജെ.പി ആലോചിച്ചുകൊണ്ടിരിക്കെ ജനാധിപത്യം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇപ്പോള്‍ രാഷ്ട്രീയ ഇടപെടലില്ലാത്ത ഭരണഘടാനാസ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് സൂക്ഷ്മദര്‍ശിനിവെച്ച് പരിശോധിക്കേണ്ട അവസ്ഥയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം മാറിമറിഞ്ഞിരിക്കെ സുപ്രീംകോടതിയുടെ ഇടപെടലും നിരീക്ഷണങ്ങളും രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

Test User: