റാഞ്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികളെ കൊണ്ട് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിപ്പിച്ച് ഝാര്‍ഖണ്ഡ് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യം തേടിയെത്തിയ പ്രതികളെ കൊണ്ടാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം ഹൈക്കോടതി കെട്ടിവയ്പ്പിച്ചത്. ഝാര്‍ഖണ്ഡ് ഹൈക്കോടതിയിലാണ് തട്ടിപ്പ് കേസ് പ്രതികള്‍ക്ക് അപൂര്‍വ ജാമ്യം ലഭിച്ചത്. സാമ്പത്തിക കേസിലെ കുറ്റാരോപിതര്‍ ജ്യാമം തേടി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റീസ് എ. ബി സിങ് അടങ്ങിയ ബഞ്ചിന്റെ മുന്‍പാകെയാണ് കേസ് പരിഗണനയ്‌ക്കെത്തിയത്. ‘ജാമ്യം വേണോ. എങ്കില്‍ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിക്കൂ. പണം നിക്ഷേപിച്ച തെളിവുമായി എത്തിയാല്‍ ജാമ്യം നല്‍കാം’. പ്രതികളുടെ അഭിഭാഷകരോട് കോടതി ബഞ്ച് നിര്‍ദേശിച്ചു. ഒരു പ്രതിയായ ഉത്പല്‍ റെ 7,000 രൂപ നിക്ഷേപിച്ചു. മറ്റു രണ്ട് പ്രതികളായ ധനേശ്വര്‍ മണ്ഡലും ശംഭു മണ്ഡലും 5,000 രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. പണം നിക്ഷേപിച്ചതിന്റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യവും നല്‍കി. കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഝാര്‍ഖണ്ഡ് കോടതി സ്വീകരിച്ച നയം മധ്യപ്രദേശ്, കര്‍ണാടക ഹൈക്കോടതികളും സ്വീകരിക്കണമെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഹേമന്ത് കുമാര്‍ ആവശ്യപ്പെട്ടു.