വ്രത വിശുദ്ധിയുടെ അവസാന നാളുകളില്‍ പ്രവാചകര്‍ അടിച്ചു വീശുന്ന കാറ്റുപോലെയായിരുന്നു. ദാനധര്‍മ്മങ്ങളും പുണ്യ കര്‍മങ്ങളുമായി ആവേശപൂര്‍വം സജീവമാകുന്ന ദിനരാത്രങ്ങള്‍. സാധ്യമാകുന്ന വഴികളിലൂടെയെല്ലാം സഹജീവികളെ സഹായിക്കുന്നതില്‍ മത്സരിക്കേണ്ടവരാണ് നാം. നിര്‍ബന്ധ ദാനവും ഐച്ഛിക ദാനവും ഭക്ഷണവും സൗകര്യങ്ങളുമൊരുക്കി മാനുഷികമായ പരിഗണനകളുടെ വസന്തകാലമാണ് വിശ്വാസികള്‍ക്കീ നാളുകള്‍.
മുതലാളിമാര്‍ പിശുക്കു കാണിക്കരുത്, അയാള്‍ നല്ല ധര്‍മ്മിഷ്ഠനാണ് ഇതൊക്കെ നമുക്ക് പറയാനും വിലയിരുത്തി സായൂജ്യമടയാനുമുള്ളതല്ല. നൂറു രൂപ മാത്രം കയ്യിലുള്ളവന്റെ 10 രൂപ പാവപ്പെട്ടവന് വേണ്ടി പങ്കുവെക്കുമ്പോള്‍ കോടികള്‍ ദാനം ചെയ്യുന്ന ശതകോടീശ്വരനേക്കാള്‍ വലിയ മനസ്സാണ് കാണിക്കുന്നത്. ഉണ്ടായിട്ട് നല്‍കാന്‍ കാത്തിരുന്നാല്‍ മരണം വരെ നടന്നോളണമെന്നില്ല. ഉള്ളതില്‍ നിന്ന് നല്‍കാനുള്ള വിശാലതയാണ് വേണ്ടത്.പ്രാര്‍ഥന കഴിഞ്ഞ് ഇറങ്ങി വരുന്നതും കാത്ത് പുറത്ത് കൂടി നിന്ന പാവങ്ങള്‍ക്ക് കൈ നിറയെ നല്‍കി സന്തോഷത്തോടെ വാഹനത്തിലേക്ക് കയറുമ്പോള്‍ മുഹമ്മദലി ക്ലെയോട് ഒരു കുഞ്ഞ് ചോദിക്കുന്നുണ്ട്. അങ്ങെന്തൊരു ദാനമാണ് നല്‍കുന്നത്. വലിയ ഉദാരനാണ് നിങ്ങള്‍. അതിനു ഇളം പുഞ്ചിരിയോടെ നല്‍കിയ മറുപടി ഏറെ പ്രസക്തമാണ്. ‘ഞാന്‍ നല്‍കുന്നതത്രയും ഈ ഭൂമിയില്‍ ദൈവം എനിക്ക് നല്‍കിയ ജീവിതത്തിന്റെ വാടകയാണ്’. അത് നിരന്തരം തുടര്‍ന്ന് കൊണ്ടല്ലാതെ ജീവിക്കുക സാധ്യമല്ല’.
അഞ്ചു കിലോ അരിയുടെ പൊതി കൊടുത്ത് ഫോട്ടോയെടുത്ത് പാവങ്ങളുടെ ദൈന്യതയെ ആഘോഷിക്കുന്ന ക്രൂരമായ ദാനമല്ല, അവരുടെ മാന്യതക്ക് കോട്ടം വരുത്താതെ ആവശ്യങ്ങള്‍ക്ക് നിവര്‍ത്തി കാണുകയാണ് സമൂഹം ശ്രദ്ധിക്കേണ്ടത്. ഭക്ഷണ പൊതിയുമായി വീടുകള്‍ കയറിയിറങ്ങുമ്പോള്‍ ഇടത്തരക്കാരായ പാവങ്ങളെ കൂടി നാം പരിഗണിക്കണം, കാരണം പട്ടിണി കിടന്നാലും അഭിമാനം നഷ്ടപ്പെടുത്താന്‍ അവരുടെ മനസ്സ് അനുവദിക്കില്ല.
വിശക്കുന്നവന്റെ അരികിലെത്തി അവന്റെ മനസ്സും വയറും നിറയും വിധം ഊട്ടുകയാണ് ചെയ്യേണ്ടത്. ‘അവര്‍ നിങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒരു നന്ദിവാക്കോ പ്രതിഫലമോ പ്രതീക്ഷിച്ച് കൊണ്ടല്ല, ദൈവിക തൃപ്തി മാത്രം കൊതിച്ചാണ്. നന്മയോടെ ഊട്ടുന്നവന്റെ മാതൃകയാണ് ഇവിടെ വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നത്.മുതലിന്റെ ശുദ്ധീകരണം മാത്രമല്ല അതുവഴി ശരീരത്തിന്റെയും മനസ്സിന്റെയും സംസ്‌കരണം കൂടിയാണ് ദാനധര്‍മങ്ങളിലൂടെ സംഭവിക്കുന്നത്.നമ്മുടെ സ്‌നേഹവായ്പുകളാല്‍ അപരന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരി ആയിരം പ്രാര്‍ത്ഥനകളെക്കാള്‍ ദൈവത്തിന് പ്രിയമുള്ള പുണ്യമാണ്.ഒരുവന്‍ മറ്റൊരാളെ സഹായിക്കുന്ന കാലമത്രയും ദൈവം അവനെ സഹായിക്കുന്നതില്‍ സദാ ജാഗ്രവത്തായിരിക്കും. മാലോകരോട് കാണിക്കുന്ന ഒരു സുകൃതവും വെറുതെയായി പോവില്ല എന്ന് ചുരുക്കം.