X

സിറിയന്‍ പ്രശ്‌നം: ഹിലരി മൂന്നാം ലോകമഹായുദ്ധമുണ്ടാക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: സിറിയന്‍ ആഭ്യന്തര യുദ്ധ വിഷയത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ സ്വീകരിച്ചിരിക്കുന്ന വിദേശകാര്യനയം മൂന്നാം ലോകമഹായുദ്ധത്തിന് തിരികൊളുത്തുമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ ട്രംപ്. സിറിയന്‍ പ്രസിഡണ്ട് ബഷാറുല്‍ അസദിനെ അധികാരത്തില്‍നിന്ന് നീക്കുന്നതിനെക്കാള്‍ ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദിളെ പരാജയപ്പെടുത്തുന്നതിലായിരിക്കും അമേരിക്കയുടെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. സിറിയയെ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന് ഹിലരി നിര്‍ദേശിച്ചിരുന്നു. അത്തരമൊരു നീക്കം മേഖലയില്‍ റഷ്യന്‍ പോര്‍വിമാനങ്ങളുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ കാരണമാകുമെന്ന് യു.എസ് സൈനിക മേധാവി മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.

 
ഹിലരിയുടെ നിര്‍ദേശത്തെ ട്രംപ് കടുത്ത ഭാഷയിലാണ് നിഷേധിച്ചത്. ഹിലരിയുടെ വാക്കുകള്‍ കേട്ട് മുന്നോട്ടുപോയാല്‍ സിറിയയെ ചൊല്ലി മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സിറിയയുമായി അധികകാലം യുദ്ധമുണ്ടാവില്ല. റഷ്യയും ഇറാനും അതില്‍ പങ്കാളിയാവും. റഷ്യ ഒരു ആണവായുധ രാജ്യമാണെന്നും ട്രംപ് ഓര്‍മിപ്പിച്ചു. റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദ്മിര്‍ പുടിനെ ശക്തമായി വിമര്‍ശിച്ച ഹിലരിക്ക് അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ സാധിക്കില്ല. ഹിലരി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അവര്‍ക്കെങ്ങനെ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു. തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന റിപ്പബ്ലിക്കന്‍ നേതാക്കളെയും ട്രംപ് കടന്നാക്രമിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നിന്നാല്‍ തെരഞ്ഞെടുപ്പില്‍ ഹിലരിയോട് തോല്‍ക്കേണ്ടിവരില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ വിമര്‍ശനങ്ങളെ ഹിലരിയുടെ പ്രചാരണ വിഭാഗം തള്ളിക്കളഞ്ഞു. പുടിന്റെ വാദങ്ങളെ ട്രംപ് ഏറ്റുപറയുകയാണെന്ന് അവര്‍ പറഞ്ഞു.

chandrika: